മസ്കറ്റ്: ഒമാന്റെ പുതിയ സുൽത്താനായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്റെ നിര്യാണത്തെ തുടർന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തത്. രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാവിലെ ഫാമിലി കൗൺസലിനു മുന്നിൽ ഹൈതം ബിന്‍ താരിഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തന്റെ പിൻഗാമിയുടെ പേരെഴുതി സുല്‍ത്താന്‍ ഖാബൂസ് സൂക്ഷിച്ചിരുന്നു. ഈ കത്ത് തുറന്നാണ് ഹൈതം ബിന്‍ താരിഖിനെ പുതിയ ഭരണാധികാരിയായി നിശ്ചയിച്ചത്. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ സഹവർത്തിത്വവും സൗഹൃദ്ബന്ധവും സ്ഥാപിക്കുമെന്ന് അദ്ദേഹം രാജ്യത്തോടായി നടത്തിയ സന്ദേശത്തിൽ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് പുലർത്തിയ നയങ്ങൾ തന്നെയാവും രാജ്യം തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക 40 ദിവസം പകുതി താഴ്ത്തി കെട്ടാനും ഒമാൻ തീരുമാനിച്ചു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയിരുന്ന ആളാണ് സുല്‍ത്താന്‍ ഖാബൂസ്. മരണകാരണം എന്താണെന്ന് അറിവായിട്ടില്ല.