കൂടുതല്‍ സീറ്റ് നേടുമെങ്കിലും എന്‍ഡിഎ കേവലഭൂരിപക്ഷം മറികടക്കില്ല ! കേരളം കാണാന്‍ പോകുന്നത് യുഡിഎഫിന്റെ തേരോട്ടം; പുറത്തു വന്ന സര്‍വേയില്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കൂടുതല്‍ സീറ്റു നേടുമെങ്കിലും കേവലഭൂരിപക്ഷം മറികടക്കില്ലെന്ന് റിപ്പബ്ലിക് ടിവി- സി വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. എന്‍ഡിഎയ്ക്ക് 261 സീറ്റുകളും യുപിഎയ്ക്ക് 119 സീറ്റുകളും മറ്റുള്ളവര്‍ക്ക് 163 സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. ഒക്ടോബറില്‍ നടത്തിയ സര്‍വേയാണിത്.
വോട്ടു ശതമാനത്തിന്റെ കണക്കെടുത്താല്‍ എന്‍ഡിഎ- 38.4, യുപിഎ- 26, മറ്റുള്ളവര്‍- 35.6.

സംസ്ഥാനതലത്തില്‍ ഉരുത്തിരിഞ്ഞു വരാവുന്ന സഖ്യങ്ങള്‍ പരിഗണിക്കാതെയുള്ള സര്‍വെയാണിത്. ആന്ധ്രയില്‍ കോണ്‍ഗ്രസ്- ടിഡിപി സഖ്യം കണക്കാക്കിയിട്ടില്ല. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡിഎംകെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസാധ്യതകളും ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ യുഡിഎഫ് ആധിപത്യമാണു പ്രവചിക്കുന്നത്- 16 സീറ്റ്. എല്‍ഡിഎഫിന് 4 സീറ്റ് മാത്രം. യുഎഡിഎഫ് 40.4 % വോട്ടു നേടുമ്പോള്‍ എല്‍ഡിഎഫിന് 29.3%. എന്‍ഡിഎയ്ക്ക് 17.5 %.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ നേടിയ 71 സീറ്റില്‍ നിന്നും 31 സീറ്റിലേക്ക് എന്‍ഡിഎ കൂപ്പുകുത്തുമെന്നും സര്‍വെയില്‍ പറയുന്നുണ്ട്. എന്നാല്‍ ബംഗാളില്‍ എന്‍ഡിഎ നിലമെച്ചപ്പെടുത്തുമെന്നും അവിടെ സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും സര്‍വെയില്‍ പറയുന്നു. തമിഴ്‌നാടില്‍ ഡിഎംകെയുടെ ശക്തമായ മുന്നേറ്റമാണ് സര്‍വെയില്‍ പറയുന്നത്. എന്‍ഡിഎയും യുപിഎയും ഇവിടെ ഇപ്പോഴും അപ്രസക്തമാണെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്.

Related posts