പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാമെന്ന ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശം ഇന്ന് പ്രാബല്യത്തില്‍. എന്നാല്‍, പുതിയ കേബിള്‍ ടിവി, ഡിടിഎച്ച് നിബന്ധനകള്‍ പ്രാബല്യത്തിലാകുന്പോള് ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഒരു മാസം സാവകാശം അനുവദിച്ചു. പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ രാജ്യത്തെ ചാനല്‍ വിതരണക്കാരും വരിക്കാരും സജ്ജമാകാത്തതാണ് ജനുവരി 31 വരെ കാലാവധി നീട്ടി നല്കാന് ട്രായിയെ പ്രേരിപ്പിച്ചത്. തത്കാലത്തേക്ക് തല്‍സ്ഥിതി തുടരാനാണു ട്രായ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
എന്തുകൊണ്ട് നീട്ടി
പുതിയ നിയമത്തിലുള്ള അവ്യക്തതയാണ് കാലാവധി നീട്ടാന്‍ ട്രായിയെ പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഇതേക്കുറിച്ചു വ്യക്തത വന്നിട്ടില്ല. ഇതുകൂടാതെ ഡിസംബര്‍ 29 മുതല്‍ കേബിള്‍ ടിവി ബഹിഷ്കരിക്കും എന്ന ആഹ്വാനത്തോടെ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിച്ചതും തീരുമാനത്തിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നിര്‍ദേശം വരുന്നതുവരെ നിലവിലുള്ള പേ ചാനലുകള്‍ പിന്‍വലിക്കരുതെന്ന് ട്രായിയുടെ നിര്‍ദേശിച്ചു. ഒപ്പം വരിക്കാര്‍ ഇഷ്ടപ്പെട്ട ചാനല്‍ തെരഞ്ഞെടുത്താലും തത്കാലത്തേക്ക് പേ ചാനലുകള്‍ ബ്ലാക്കൗട്ട് ചെയ്യാനും പാടില്ല.
പ്രതിഷേധം ശക്തം
പേ ചാനലുകള്‍ ഉപയോഗിക്കുന്നത് കുറച്ചു കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആഹ്വാനം ഫേസ്ബുക്ക്, യുട്യൂബ്, വാട്സ്ആപ് മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഉയരുന്നുണ്ട്. പ്രേക്ഷകര്‍ പേ ചാനലുകള്‍ കാണാതിരുന്നാല്‍ ചാനല്‍ അധികൃതര്‍ പേ ചാനലുകളെ സൗജന്യ ചാനലുകളാക്കി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുമെന്നാണ് ഇത്തരം സന്ദേശങ്ങള്‍ പറയുന്നത്.
സ്റ്റാര്‍ ഇന്ത്യ പാക്കേജ്
തിരുവനന്തപുരം: മാസം 39 രൂപയ്ക്കു ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകള്‍, നാഷണല്‍ ജോഗ്രഫിക്, നാറ്റ് ജിയോ വൈല്‍ഡ് തുടങ്ങി ഒന്‍പത് ചാനലുകള്‍ സ്റ്റാറിന്റെ മലയാളം പാക്കേജില്‍ ലഭ്യമാണ്. മലയാളം എച്ച്ഡി വാല്യൂ പാക്കേജുകള്‍ മാസം 75 രൂപയ്ക്കും 17 ചാനലുകളുടെ മലയാളം എച്ച്ഡി പ്രീമിയം പാക്കേജുകള്‍ മാസം 110 രൂപയ്ക്കും ലഭ്യമാകുന്നു.