മൈക്രോ എസ്ഡി കാര്‍ഡുകളില്‍ വരാന്‍ പോകുന്നത് ടെക്‌നോളജി വിപ്ലവം ! ഇനി സ്പീഡ് 950 എംബിപിഎസ് വരെ; പുതിയ മെമ്മറി കാര്‍ഡിന്റെ സവിശേഷതകള്‍ ഇങ്ങനെ…

മൈക്രോഎസ്ഡി കാര്‍ഡിന്റെ ടെക്‌നോളജിയില്‍ വരാന്‍ പോകുന്നത് വന്‍ വിപ്ലവം. മൈക്രോ എസ്ഡി എക്സ്പ്രസ് (microSD Express) എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ മൈക്രോ എസ്ഡി കാര്‍ഡുകള്‍ക്ക് സെക്കന്‍ഡില്‍ 985 എംബി വരെ ഡേറ്റ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കും. നിലവിലുള്ള സാധാരണ കാര്‍ഡുകളെക്കാള്‍ പത്തു മടങ്ങ് വേഗമാണ് ഇതിനുള്ളത്.

ടെക്‌നോളജി അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണ് വിഡിയോ അടക്കം കൂടുതല്‍ ഡേറ്റ വേഗത്തില്‍ റൈറ്റു ചെയ്യാന്‍ ഉതകുന്ന മെമ്മറി കാര്‍ഡുകള്‍. എസ്ഡി കാര്‍ഡുകളിലെ മാറ്റങ്ങളെ ഏകീകരിക്കുന്ന എസ്ഡി അസോസിയേഷനാണ് (SD Association) ട്രാന്‍സ്ഫര്‍ വേഗം കൂട്ടുന്ന പുതിയ ടെക്നോളജിയുള്ള കാര്‍ഡുകള്‍ വരുന്നതായി പ്രഖ്യാപിച്ചത്. നിലവില്‍ എസ്ഡി എക്സ്പ്രസ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന NVMe 1.3, PCIe 3.1 ഇന്റര്‍ഫെയ്സുകളാണ് ഇവയിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കംപ്യൂട്ടറുകളില്‍ ഹൈസ്പീഡ് എസ്എസ്ഡികളുടെ ശക്തി പ്രയോജനപ്പെടുത്താനായി ഇത് ഉപയോഗിക്കുന്നുണ്ട്.


പുതിയ മൈക്രോഎസ്ഡി കാര്‍ഡുകളുടെ പിന്നുകളുടെ രണ്ടാം നിരയിലാണ് ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് എസ്ഡി അസോസിയേഷന്‍ പറഞ്ഞു. ഇതിലൂടെ ഇപ്പോഴുള്ള ഉപകരണങ്ങളിലും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതിലൂടെ മുന്‍തലമുറപ്പൊരുത്തം (backward compatibility) ഉറപ്പാക്കുന്നു. പുതിയ കാര്‍ഡുകള്‍ ട്രാന്‍സ്ഫര്‍ വേഗം വര്‍ധിപ്പിക്കുമെന്നതു കൂടാതെ, നിലവിലുള്ള കാര്‍ഡുകളെ അപേക്ഷിച്ച് ബാറ്ററി പവര്‍ വളരെ കുറച്ചെ ഉപയോഗിക്കൂ. PCIe v3.1 ലെ പുതിയ ലോ-പവര്‍ സബ്-സ്റ്റാറ്റസ് ആയ L1.1 യും L1.2യും ആണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ടെക്‌നോളജി എല്ലാത്തരം ഉപകരണങ്ങളിലും ഉപയോഗിക്കാം.വാഹനങ്ങളില്‍ മുതല്‍ സ്മാര്‍ട് ഫോണുകളില്‍ വരെ ഇതുപയോഗിക്കാം. എന്നാല്‍ 4K വിഡിയോ, 360-ഡിഗ്രി വിഡിയോ, റോ ഫുട്ടേജ് തുടങ്ങിയവ റെക്കോഡു ചെയ്യുന്നവര്‍ക്ക് ഇതിന്റെ ഗുണം പെട്ടെന്ന് അനുഭവിച്ചറിയാം. എന്നാല്‍ പുതിയ ടെക്നോളജി എത്താന്‍ അല്‍പ്പം കൂടെ കാലതാമസം ഉണ്ടെന്നതാണ് വാസ്തവം.

Related posts