മൊബൈല്‍ ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാനാണ് ട്രൂകോളര്‍ എന്ന ആപ്പ് ഉപയോഗിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ ഇനി ഇക്കാര്യം അറിയാന്‍ ട്രൂകോളറിന്റെ ആവശ്യമില്ല. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു.
ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി ഡി വഗേല വ്യക്തമാക്കി.
സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്.
ഈ ആപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ട്രൂകോളര്‍ ഇത് സാധ്യമാക്കുന്നത്.