തിരുവനന്തപുരം: കെഎസ്ആര്ടിസിയില് തച്ചങ്കരിയുടെ പരിഷ്കരണങ്ങള് തുടരുന്നു. ഇത്തവണ പണികിട്ടിയത് ഡ്രൈവര്മാര്ക്കും കണ്ടക്ടര്മാര്ക്കും. ദീര്ഘദൂര സര്വീസുകള്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സ്റ്റോപ് അനുവദിക്കുമ്പോള് നേട്ടമുണ്ടാക്കുന്നത് ബസ് കണ്ടക്ടര്മാരും ഡ്രൈവര്മാരുമാണ്. അവര്ക്ക് താല്പ്പര്യമുള്ള ഹോട്ടലുകള്ക്ക് മുമ്പില് വാഹനം നിര്ത്തിക്കൊടുത്താല് ഭക്ഷണം സൗജന്യമായി ഇവര്ക്ക് ലഭിക്കും. എന്നാല് ഈ പരിപാടി അവസാനിപ്പിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.
ഹോട്ടലുകളില് നിന്നും കെഎസ്ആര്ടിസിക്ക് കമ്മീഷന് ലഭിക്കുമോ എന്ന ആലോചനയിലാണ് അദ്ദേഹം. കെഎസ്ആര്ടിസി ദീര്ഘദൂര ബസുകള് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിര്ത്തുന്ന ഹോട്ടലുകളില്നിന്നു കമ്മിഷന് ഇനി കോര്പറേഷന് നേരിട്ടു വാങ്ങാനാണ് നീക്കം. ‘ഫുഡ് സ്റ്റോപ്പു’കളാകാന് താല്പര്യമുള്ള ഹോട്ടലുകള് നിശ്ചയിക്കാന് കെഎസ്ആര്ടിസി ഉടന് ടെന്ഡര് വിളിക്കും.
ആദ്യഘട്ടത്തില് ഒരു ബസിന് 500 രൂപയെങ്കിലും ഫുഡ് സ്റ്റോപ് ഫീസ് ആയി ലഭിക്കുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിലേക്കുള്പ്പെടെ ദീര്ഘദൂര സര്വീസ് നടത്തുന്ന ബസുകള് പതിവായി ഭക്ഷണം കഴിക്കാന് നിര്ത്തുന്ന ഹോട്ടലുകളില്നിന്നു കമ്മീഷന് സൗജന്യ ഭക്ഷണത്തിന്റെ രൂപത്തില് ഇപ്പോള് ജീവനക്കാര്ക്കാണു ലഭിക്കുന്നത്. ഇതിനോട് എതിര്പ്പില്ലെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന കോര്പറേഷന് ഇതു വരുമാനമാര്ഗമാക്കാമെന്നാണു മാനേജ്മെന്റിന്റെ കണ്ടെത്തല്.
കര്ണാടക ട്രാന്സ്പോര്ട്ട് കോര്പറേഷന് ഫുഡ് സ്റ്റോപ് പരിപാടി നേരത്തേ വിജയകരമായി നടപ്പാക്കിയതാണ് ഈ നീക്കം. ഒരു ബസിന് 1000 രൂപയോളം ഈടാക്കുന്ന സ്റ്റേറ്റ് കോര്പറേഷനുകളുണ്ടെന്നും കെഎസ്ആര്ടിസി വൃത്തങ്ങള് പറയുന്നു. തുടര്ന്നാണു വിവിധ റൂട്ടുകളില് ഫുഡ് സ്റ്റോപ്പുകളാകാന് താല്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്താന് ടെന്ഡര് വിളിക്കാനുള്ള തീരുമാനം. ഒരു വര്ഷത്തെ കാലാവധിയിലാണു ഹോട്ടലുകളെ തിരഞ്ഞെടുക്കുക. കെഎസ്ആര്ടിസിയെ പരിഷ്കരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ഇതിന്റെ ഭാഗമായാണ് റെഡ് ബസുമായി കോര്പ്പറേഷന് കൈകോര്ത്തത്. ഇതോടെ കെഎസ്ആര്ടിസി ഓണ്ലൈനില് നിന്നും മാത്രം ടിക്കറ്റെടുക്കുന്ന സംവിധാനം അവസാനിപ്പിച്ച് സ്വകാര്യ യാത്രാ ബുക്കിങ് ഏജന്സികളെയും കെഎസ്ആര്ടിസി ആകര്ഷിച്ചു തുടങ്ങി.
കെഎസ്ആര്ടിസിയെ നവീകരിക്കാന് വേണ്ടി ‘മൈസൂര് മോഡല്’ പരീക്ഷിക്കാന് ഒരുങ്ങിയിരിക്കയാണ് തച്ചങ്കരി. രാജ്യത്ത് ബസ് യാത്രക്കാര്ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നത് മൈസൂര് കെഎസ്ആര്ടിസിയാണ്. അവിടെ നടപ്പിലാക്കിയ കാര്യങ്ങള് മാതൃകാപരമാണ് താനും. ഈ മാതൃകയില് കെഎസ്ആര്ടിസിയെയും മാറ്റാനാണ് തച്ചങ്കരിയുടെ പദ്ധതി. ബസുകളെ ട്രാക്ക് ചെയ്യാനാകുന്നില്ല എന്ന കാരണത്താലാണ് ദീര്ഘദൂര യാത്രക്കാര് കെഎസ്ആര്ടിസിയെ കൈവിടുന്നത്.
ഇതിന് പരിഹാരമായി കെഎസ്ആര്ടിസി ബസുകളെ ട്രാക്കു ചെയ്യാന് വേണ്ടി യൂബര് മാതൃകയില് ജിപിഎസ് സംവിധാനം കൊണ്ടുവരനാണ് നീക്കം. ഇതിനുള്ള പദ്ധതികളും തയ്യാറായിട്ടുണ്ട്. ബസുകള് എവിടൈ എത്തി എന്നറിയാനുള്ള മാര്ഗ്ഗമാകും ഈ സംവിധാനത്തിലുണ്ടാകുക. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുമായി ബന്ധപ്പെടുത്തിയാണ് ഈ പരിഷ്ക്കരണങ്ങള് കൊണ്ടുവരിക. യാത്രക്കാര്ക്ക് ബസ് എവിടെ എത്തി എന്നറിയാന് ബസ് സ്റ്റാന്ഡുകളിള് അറൈവല് ടൈം കാണിക്കും വിധം ബോര്ഡുകള് സ്ഥാപിക്കും. ഇത് കൂടാതെ ട്രാവല് കാര്ഡ് സംവിധാനം ഏര്പ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യകള് മെച്ചപ്പെടുത്തും. അതിനുള്ള ചര്ച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്. കെഎസ്ആര്ടിസി നവീകരണത്തിനായി കേന്ദ്രസര്ക്കാറില് നിന്നും ഫണ്ടുകള് വകയിരുത്തിയിട്ടുണ്ട്.
നവീകരണത്തിനായി 20 കോടി വകയിരുത്തിയതില് തുക ഇനിയും ചെലവാക്കാന് അധികാരികള്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ ഫണ്ട് ഉപയോഗിക്കുന്ന വിധത്തിലേക്കായിരിക്കും പുതിയ പദ്ധതികള്. ബസ് എവിടെ എത്തി എന്നറിയുന്ന വിധത്തില് കാര്യങ്ങള് മാറിയാല് പ്രൈവറ്റ് ബസുകളേക്കാള് യാത്രക്കാര് കെഎസ്ആര്ടിസിയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. എന്തായാലും തച്ചങ്കരിയുടെ പുതിയ പദ്ധതികള് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്.