മുംബൈ: വൈകാതെ പത്തുരൂപ നോട്ടുകൾ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നലെ സ്ഥിരീകരിച്ചു. മഹാത്മാഗാന്ധി സീരീസിൽ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള പത്തു രൂപയുടെ ചിത്രവും ഇതോടൊപ്പം ആർബിഐ പുറത്തുവിട്ടു. പുതിയ ഡിസൈനിലുള്ള പത്തുരൂപയുടെ പിന്നിൽ കൊണാർക്കിലെ സൂര്യക്ഷേത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ പത്തുരൂപ നോട്ടുകൾ എത്തുന്പോൾ പഴയ പത്തുരൂപ പിൻവലിക്കില്ലെന്നും ആർബിഐ അറിയിച്ചു.
നൂറു രൂപയും മാറും
പുതുതായി ഇറക്കിയ 200 രൂപ നോട്ട് പൂർണതോതിൽ പ്രചാരത്തിലായശേഷം 100 രൂപയും പുതിയ ഡിസൈനിൽ ആർബിഐ അച്ചടിക്കും. അടുത്ത വർഷം ഏപ്രിലോടെ മാത്രമേ ഇതുണ്ടാകൂ എന്നാണ് പ്രാഥമിക വിവരം. അതേസമയം പുതിയ നൂറുരൂപാ നോട്ടുകളുടെ വലുപ്പത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
എടിഎമ്മുകളിൽ നൂറു രൂപ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വലുപ്പത്തിലുണ്ടാകുന്ന വ്യത്യാസം എടിഎം പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനാലാണ് ഈ തീരുമാനം. അതായത്, റിസർവ് ബാങ്കിന് ഇനിയൊരു എടിഎം അഴിച്ചുപണിക്കു താത്പര്യമില്ല.