തൃശൂർ: പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾൾ നശിച്ച കുട്ടികൾക്ക് പകരം പുതിയ പുസ്തകങ്ങൾ 95 ശതമാനവും വിതരണം ചെയ്തതായി മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുസ്തകങ്ങൾ എല്ലാവർക്കും കിട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യൂണിഫോം നഷ്ടപ്പെട്ടവർക്ക് പുതിയ യൂണിഫോം ലഭിക്കുന്നതുവരെ എല്ലാ വസ്ത്രങ്ങളും ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
പുതിയ യൂണിഫോം രണ്ടാഴ്ച കൂടി കഴിഞ്ഞേ സ്കൂളുകളിൽ എത്തുകയുള്ളു. പല സ്കൂളുകളിലെയും യൂണിഫോം പലതരത്തിലായതുകൊണ്ട് അതിനനുസരിച്ച് ചായക്കൂട്ടുകൾ ഉപയോഗിച്ച് രൂപപ്പെടുത്താൻ സമയം വേണമെന്നതിനാലാണ് ചെറിയ കാലതാമസം വേണ്ടിവരുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതത് പ്രദേശത്തെ സഹകരണ ബാങ്കുകളെ പങ്കാളികളാക്കി യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇവ എത്താതിരിക്കുകയാണെങ്കിൽ പരിശോധിച്ച് ഒരാഴ്ചക്കകം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട ജില്ലയിലെ 16075 വിദ്യാർഥികൾക്കായി ആകെ 1,40276 പുസ്തകങ്ങളാണ് വേണ്ടത്. ഇതിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം ഇതുവരെ വിതരണം ചെയ്യാനായി. ജില്ലയിലെ 12 എഇ ഓഫീസുകൾ വഴിയാണ് പാഠപുസ്ത വിതരണം നടക്കുന്നത്.