കൊച്ചി: പെരിയാറില്‍ യുസി കോളേജിന് സമീപത്തെ കടവില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. അന്വേഷണം കൊച്ചി കളമശ്ശേരി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൃതദേഹത്തില്‍ കരിങ്കല്ല് കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ വാങ്ങിയത് സൗത്ത് കളമശേരിയിലെ കടയില്‍ നിന്നാണെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ പുതപ്പു വാങ്ങിയതു കളമശേരി എച്ച്എംടി റോഡിലെ തുണിക്കടയില്‍ നിന്നാണെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. രണ്ടു കടകളും തമ്മില്‍ 500 മീറ്റര്‍ അകലമേയുള്ളൂ. മൃതദേഹം കയറ്റിയ വെള്ള ഹാച്ച്ബാക്ക് കാര്‍ കളമശേരി ഭാഗത്തു നിന്നു റെന്റ് എ കാര്‍ ആയി എടുത്തതാണ് എന്നും സൂചനയുണ്ട്.
പ്രതികളെ കണ്ടെത്താനായി ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എച്ച്എംടി ജംക്ഷനില്‍ നിന്നു നേരത്തേ ലഭിച്ച ദൃശ്യങ്ങളില്‍ കാര്‍ കാണാമെങ്കിലും നമ്പര്‍ വ്യക്തമല്ല. കൊല്ലപ്പെട്ടത് ഇതരസംസ്ഥാനക്കാരിയാണെന്നാണ് ഒടുവിലത്തെ നിഗമനം. അഴുകിയ നിറത്തിലുള്ള മൃതദേഹം കണ്ടെത്തുമ്പോള്‍ മുടി കളര്‍ ചെയ്ത അവസ്ഥയിലായിരുന്നു. വിരലുകളില്‍ നെയില്‍ പോളിഷും ഉപയോഗിച്ചിരുന്നു. ഇത് മലയാളികള്‍ ഉപയോഗിക്കുന്ന രീതിയിലുള്ളത് അല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് നേരത്തെതന്നെ തെളിഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു കൊച്ചിയിലെ റസ്റ്ററന്റുകളില്‍ ജോലിക്കു യുവതികളെ എത്തിക്കുന്നവരെ ചോദ്യം ചെയ്തു. യുസി കോളജിനു സമീപം കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്റെ സ്വകാര്യ കടവില്‍ 11നു വൈകിട്ടാണ് യുവതിയുടെ അഴുകിയ ജഡം കണ്ടത്. പുതപ്പിനുള്ളില്‍ പൊതിഞ്ഞു കയര്‍ വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.
ബലം പ്രയോഗിച്ച് തുണിവായില്‍ത്തിരുകി കയറ്റിയ ശേഷം മൂക്കുപൊത്തിപ്പിടിക്കുകയും എതിര്‍ത്തപ്പോള്‍ അക്രമി യുവതിയുടെ മുഖത്ത് മര്‍ദ്ദിച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം.ശരീരത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല.ചുണ്ടിലും താടിയിലും കറുത്ത മറുക് കണ്ടെത്തിയിട്ടുണ്ട്. ഈ ലക്ഷണമുള്ള യുവതികളെ അടുത്ത സ്റ്റേഷന് പരിധികളില്‍ നിന്നും കാണാതായിട്ടുണ്ടോ എന്നുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
40 കിലോയോളം ഭാരമുള്ള കല്ലിനൊപ്പമാണ് മൃതദ്ദേഹം വെള്ളത്തില്‍ നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് തെളിവെടുപ്പില്‍ വ്യക്തമായിരുന്നു.വെള്ളത്തില്‍കിടന്ന് ചീര്‍ത്തപ്പോള്‍ കല്ലടക്കം മൃതദ്ദേഹം താഴ്ഭാഗത്തേയ്ക്ക് ഒഴുകിയെത്തിയെന്നാണ് പൊലീസ് കണക്കൂകൂട്ടന്‍.മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിധാര്‍ ടോപ്പുമായിരുന്നുവേഷം.പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ് ചീര്‍ത്തിട്ടിട്ടുള്ള മൃതദേഹം കാണപ്പെട്ടത്. കൊല്ലപ്പെട്ടത് വടക്കുകിഴക്കന്‍ സംസ്ഥാനത്തു നിന്നുള്ള യുവതിയാണെന്ന് ഏകദേശ ധാരണ വന്നതിനാല്‍ ഇപ്പോള്‍ സമീപ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന വടക്കുകിഴക്കന്‍ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.