സ്വന്തം ലേഖകൻ
തൃശൂർ: ദൃശ്യമാധ്യമലോകത്തു പുതിയൊരു വാർത്താ സംസ്കാരത്തിനു തുടക്കമിട്ടു ഷെക്കെയ്ന ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. മൂല്യങ്ങളിൽ അടിയുറച്ചുള്ള മാധ്യമപ്രവർത്തനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നു മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഉന്നതവും ഉദാത്തവുമായ ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനലാണ് ഷെക്കെയ്ന ടെലിവിഷനെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലഘട്ടത്തിൽ ഷെക്കെയ്ന ടെലിവിഷനു പ്രത്യേക ദൗത്യമുണ്ടെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാധ്യമ സംരംഭത്തിനു തുടക്കമിട്ടതെന്നു മാനേജിംഗ് ഡയറക്ടർ സന്തോഷ് കരുമത്ര പറഞ്ഞു. സത്യത്തിനു സാക്ഷ്യം നൽകുന്ന കാഹളധ്വനിയായി ഷെക്കെയ്ന ടെലിവിഷൻ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഷെക്കെയ്ന ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരിദാബാദ് ആർച്ച്ബിഷപ് മാർ കുര്യക്കോസ് ഭരണികുളങ്ങര ലോഗോ ആനിമേഷനും ലോഗോയുടെ പശ്ചാത്തല സംഗീതവും പ്രകാശനം ചെയ്തു. ഷെക്കെയ്ന ഓണ്‍ലൈൻ ന്യൂസ് പോർട്ടലിന്റെ (shekinahonline.in) സ്വിച്ചോണ്‍ കർമം ഷംഷാബാദ് രൂപത ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.
കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ബിഷപ് സാമുവൽ മാർ ഐറേനിയോസ്, ബിഷപ് മാർ തോമസ് ചക്യത്ത്, ശാലോം ടിവി മാനേജിംഗ് ഡയറക്ടർ ബെന്നി പുന്നത്തറ എന്നിവരും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
തൃശൂരിൽ താളിക്കോടാണ് ഷെക്കെയ്നയുടെ ആസ്ഥാനം. ലാഭേച്ഛ ഇല്ലാതെ ആരംഭിക്കുന്ന ഈ വാർത്താചാനൽ വാണിജ്യ പരസ്യങ്ങൾ സംപ്രേഷണം ചെയ്യില്ല. വാർത്തയുടെ മൂല്യത്തിനാകും പരിഗണന നൽകുക. കച്ചവട താല്പര്യങ്ങളാലും, മത്സര ലോകത്തു വാർത്തകൾ സത്യത്തിൽനിന്നും വ്യതിചലിക്കുന്നതിനാലും പുതിയ മാധ്യമ സംസ്കാരം രൂപപ്പെടുത്തുകയാണ് ഷെക്കെയ്നയുടെ പിറവിക്കു പിന്നിലെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ പ്രൈം ടൈമിലെ ഏതാനും മണിക്കൂറുകൾ മാത്രമാണ് സംപ്രേഷണം. കേരള വിഷൻ കേബിൾ നെറ്റ്വർക്കിൽ 512 എന്ന നന്പറിൽ ചാനൽ ലഭ്യമാണ്. ഓഗസ്റ്റ് 15ന് വാർത്തകളും വാർത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവൻ സമയ സംപ്രേഷണം ആരംഭിക്കും.