നവജാത ശിശുവിനെ അനാഥാലയത്തിനു മുമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കേസിലാണ് കോട്ടയം അയര്‍ക്കുന്നം സ്വദേശികളെ കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അയര്‍ക്കുന്നം തേത്തുരുത്തില് അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് കാഞ്ഞാര്‍ പോലീസ് പറയുന്നതിങ്ങനെ…അമല്‍ കുമാര്‍-അപര്‍ണ ദമ്പതികള്‍ക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെയാണ് അപര്‍ണ വീണ്ടും ഗര്‍ഭിണിയാകുന്നത്.
എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുണ്ടാകുമ്പോള്‍ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനും ഒന്നിച്ചു താമസിക്കാനുമായിരുന്നു പിന്നീട് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ എന്നാണ് വിവരം.
എന്നാല്‍ ഇതിനിടെ പെരുവന്താനം സ്വദേശിയാണ് തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയെന്നും അയാള്‍ അത്മഹത്യചെയ്തെന്നും അപര്‍ണ ഭര്‍ത്താവിനെ ധരിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് അപര്‍ണയ്ക്കു പ്രസവവേദനയുണ്ടായി.
തുടര്‍ന്ന് സുഹൃത്തിന്റെ വാഹനത്തില്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമല്‍ കുമാര്‍ തീരുമാനിക്കുകയുണ്ടായി. ഇതിനായി തൊടുപുഴയിലേക്ക് വരുമ്പോള്‍ വാഹനത്തില്‍വച്ച് അപര്‍ണ കാറില്‍ തന്നെ പ്രസവിക്കുകയായിരുന്നു.
എന്നാല്‍ അമല്‍ കുമാറാണ് വാഹനം ഓടിച്ചിരുന്നത്. തുടര്‍ന്ന് തൊടുപുഴയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് പന്നിമറ്റത്തെത്തി പ്രദേശവാസിയോട് അനാഥാലയത്തിലേക്കുള്ള വഴി തിരക്കി.
അതോടൊപ്പം തന്നെ കടയില്‍നിന്ന് വാങ്ങിയ കത്രികയുപയോഗിച്ച് അപര്‍ണ തന്നെ പൊക്കിള്‍ക്കൊടി മുറിച്ചശേഷമാണ് പന്നിമറ്റത്ത് കുഞ്ഞിനെ ഇവര്‍ ഉപേക്ഷിച്ചത്. ഇതേതുടര്‍ന്ന് നെല്ലാപ്പാറയിലെത്തി വണ്ടിയിലെ രക്തം കഴുകിക്കളഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്.
ഇതിനുപിന്നാലെ വണ്ടി ഉടമയ്ക്ക് കൈമാറി. എന്നാല്‍ പന്നിമറ്റത്തെ സി.സി.ടി.വി.ദൃശ്യം നോക്കി വണ്ടിയുടെ നമ്പര്‍ മനസ്സിലാക്കിയ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത് തന്നെ. തുടര്‍ന്ന് അപര്‍ണയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു.