കൊല്ലം: കേരളത്തിന് ദീപാവലി സമ്മാനമായി മൂന്നാമതൊരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി. ചെന്നൈ-ബംഗളൂരു- എറണാകുളം റൂട്ടിലാണ് പുതിയ വന്ദേ ഭാരതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർക്കുലാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുമെന്നാണ് വിവരം.
ചെന്നൈയിൽ നിന്ന് വ്യാഴാഴ്ചകളിൽ സർവീസ് നടത്താനാണ് ആലോചിക്കുന്നത്. അവിടുന്ന് ബംഗളൂരു വഴി എറണാകുളത്ത് എത്തും. പിന്നീട് എറണാകുളത്ത് നിന്ന് ബംഗളൂരുവിന് പോയി തിരികെ വീണ്ടും എറണാകുളത്ത് എത്തും.
അതിനുശേഷം എറണാകുളത്ത് നിന്ന് ബംഗളൂരു വഴി ചെന്നൈയ്ക്ക് പോകുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. ഇത്തരത്തിൽ എട്ട് സർവീസുകളാണ് റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നത്. ദീപാവലി സ്പെഷലായി ഓടിച്ചശേഷം സ്ഥിരം സംവിധാനമാക്കുമെന്നാണ് സൂചന. എട്ട് കോച്ചുകൾ ഉണ്ടാകും.
കേരളത്തിൽ നിന്നുമുള്ള അന്തർ സംസ്ഥാന യാത്രക്കാരെ പ്രധാനമായും ലക്ഷ്യമിട്ടാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. റെയിൽവേ അടുത്തിടെ നടത്തിയ സാധ്യതാ പഠനത്തിലും എറണാകുളം – ബംഗളുരു റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉള്ളതായി വ്യക്തമായിട്ടുണ്ട്.
ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കായി ചെന്നൈയിലും ബംഗളൂരുവിലും പോയി വരുന്ന ആയിരക്കണക്കിന് മലയാളികൾക്ക് പുതിയ വന്ദേ ഭാരത് ഏറെ പ്രയോജനം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഴ്ചകളുടെ അവസാനത്തിൽ ഈ റൂട്ടിൽ യാത്രികരുടെ തിരക്ക് അനിയന്ത്രിതമാണ്. ഏസി ക്ലാസുകളിലടക്കം ടിക്കറ്റ് ലഭ്യമാകാറുമില്ല. പുതിയ വന്ദേ ഭാരത് വരുന്നതോടെ ഇതിന് ഒരു പരിധിവരെ പരിഹാരമാകും എന്നാണ് പ്രതീക്ഷ. മൂന്നാം വന്ദേ ഭാരത് എന്നു മുതൽ ഓടിത്തുടങ്ങും എന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും.