കോട്ടയം: ജില്ലയിലെ റോഡിൽ ഇന്നു പകലും രാത്രിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധന ഉണ്ടാകും. ക്രിസ്മസ് രാത്രിയിൽ നാല് അപകടങ്ങളിലായി നാലുപേർ മരണപ്പെട്ട സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കിയത്.
മദ്യപിച്ചും മൊബൈൽ ഫോണ് ഉപയോഗിച്ചുമുള്ള ഡ്രൈവിംഗ്, ഇരുചക്രവാഹനങ്ങളിൽ അപകടകരമായി മൂന്നു പേർ കയറി യാത്ര ചെയ്യുന്നത്, അമിതവേഗത, എന്നിവയാണ് പ്രധാമായും പരിശോധിക്കുന്നത്.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ളതും, വാഹനങ്ങളിലെ മറ്റ് അനധികൃത രൂപമാറ്റങ്ങളും കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
പുതുതായി പ്രാബല്യത്തിൽ വന്ന ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ മാർക്ക് പ്ലേറ്റ് ഇളക്കി മാറ്റി അനധികൃത നന്പറുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നുണ്ട്.
മറ്റുള്ളവരുടെ ഡ്രൈവിംഗിനെ അലോസരപ്പെടുത്തുന്ന രീതിയിലുള്ള വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എതിരെയും കർശന നടപടിയുണ്ടാകും.
മോട്ടോർ വാഹന വകുപ്പിലെ ഡിജിറ്റലൈസേഷന്റെ ഭാഗമായി ഇ-ചെല്ലാൻ സംവിധാനത്തിൽ വാഹനങ്ങൾ തടഞ്ഞ് നിർത്താതെ തന്നെ ഫോട്ടോ സഹിതം ധാരാളം നിയമലംഘനങ്ങൾ കണ്ടെത്തുന്നുണ്ട്.
എക്സൈസ് – പോലീസ് റെയ്ഡിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു
കോട്ടയം: പുതുവർഷത്തോടനുബന്ധിച്ചുള്ള പോലീസ് പരിശോധനകൾ തുടങ്ങി കുമരകത്ത് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. എക്സൈസും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്.
കുമരകം നാലുപങ്കിൽ വേന്പനാട്ടു കായൽ തീരത്തു മദ്യപാനം നടത്തിയവർക്കെതിരായാണ് കേസുകൾ എടുത്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ആളുകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ആളുകൾ അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും കോവിഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു. പൊതു സ്ഥലങ്ങളിൽ പടക്കങ്ങളും മറ്റും അലക്ഷ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാലും നടപടികൾ സ്വീകരിക്കും.
ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടായിരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.