കാഞ്ഞിരപ്പള്ളി: ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനു പോയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളിയില്‍നിന്നു പുതുവത്സരാഘോഷത്തിനായി കുട്ടിക്കാനത്തെത്തിയ യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി സുഹൃത്തുക്കള്‍ പുറത്തിറങ്ങിയ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവുമായി കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെയും ഈരാറ്റുപേട്ടയില്‍നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തെരച്ചിലിനൊടുവിലാണ് 350 അടിയോളം താഴ്ചയില്‍നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കണമല ഇറക്കത്തിൽ ബസ് മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു
കണമല (കോട്ടയം): ശബരിമല പാതയിലെ അതീവ അപകടമേഖലയായ കണമല ഇറക്കത്തിലെ അട്ടിവളവിൽ അയ്യപ്പഭക്തരുമായി വന്ന ബസ് മറിഞ്ഞ് ഡ്രൈവർ തെലുങ്കാന സ്വദേശി രാജു മരിച്ചു. ബസിലുണ്ടായിരുന്ന മറ്റു തീർഥാടകർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസ് ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. തെലുങ്കാന സ്വദേശികളായ 29 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ മൃതദേഹം പാമ്പാടി ഗവൺമെന്റ് ആശുപത്രിയിൽ.
എറണാകുളം ബോള്‍ഗാട്ടിയിൽ വാഹനാപകടം: രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു
കൊച്ചി: പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങിയ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. മൂന്നാം വര്‍ഷ ബിവോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാര്‍ഥി പാലക്കാട് സ്വദേശി എസ്. ആരോമല്‍ (20), മൂന്നാം വര്‍ഷ ബിവോക് ഫിഷ് പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് വിദ്യാര്‍ഥിയായ നെയ്യാറ്റിന്‍കര സ്വദേശി എൻ.എസ്. നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30 ന് എറണാകുളം ബോള്ഗാട്ടിയിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബുള്ളറ്റ് ഓട്ടോ ടാക്സിയില്‍ ഇടിക്കുകയായിരുന്നു. പുതുവര്‍ഷാഘോഷം കഴിഞ്ഞ് മേനക ഭാഗത്തുനിന്ന് ബോൾഗാട്ടിയിലേക്ക് വരുകയായിരുന്നു ഇവര്‍. ഇരുവരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ആരോമല്‍ ഫോട്ടോഗ്രഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുളവുകാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
നെടുമങ്ങാട്ട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നെടുമങ്ങാട്(തിരുവനന്തപുരം): വഴയില ആറാംകല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിൽ സഞ്ചരിച്ച അരുവിക്കര കുന്നത്തുനട ഷാലുഅജയ് (27) ആണ് മരിച്ചത്. ഷാലുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹയാത്രക്കാരന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് അപകടം നടന്നത്. അരുവിക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കാസർഗോട്ട് കാര്‍ കയ്യാലയില്‍ ഇടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണംവിട്ട് കയ്യാലയില്‍ ഇടിച്ചു യുവാവ് മരിച്ചു. കോടോം-ബേളൂര്‍ ഉദയപുരം പാണലത്തെ ഷഫീഖ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45ഓടെ എരുമക്കുളം ഗ്രാമലക്ഷ്മി സൊസൈറ്റിക്കു സമീപമാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നാട്ടുകാര്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയായാണ് അപകടം. യൂസഫ്-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.