ബാലരാമപുരം: പുതുവർഷാഘോഷത്തിനിടെയുണ്ടായ അക്രമത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. 11 പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്. മരിച്ച പിങ്കുവിന്റെ മൃതദേഹം ഇന്നലെ റസൽപുരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കസ്റ്റഡിയിലെടുത്ത 11 പേരിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് മെന്പറുടെ ഭർത്താവുമുണ്ട്. ഇയാൾ മരിച്ച പിങ്കുവിന്റെ അമ്മാവന്റെ മകനാണ്. അതുകൊണ്ടുതന്നെ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പോലീസ് നിഗമനം.ഒരു ബൈക്കിൽ മൂന്നുപേർ വന്നാണ് അക്രമം നടത്തിയതെന്നായിരുന്നു പോലീസിന് ആദ്യം ലഭിച്ച വിവരം.
എന്നാൽ കൂടുതൽ പേർ അക്രമത്തിൽ പങ്കെടുത്തതായാണ് ഇപ്പോൾ പോലീസിനു ലഭിച്ചിട്ടുള്ള സൂചന. പിങ്കുവിന്റെ അടുത്ത സുഹൃത്തും അക്രമത്തിന് കാരണക്കാരനുമായ കോളനി നിവാസി കണ്ണനുണ്ണി മുങ്ങിയതും പോലീസിനെ വല്ലാതെ വലയ് ക്കുന്നുണ്ട്. കണ്ണനുണ്ണിയെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു പിങ്കുവും സംഘവും.
അതിനുമുന്പ് കണ്ണനുണ്ണിയുടെ വീട്ടിൽവച്ച് നടന്ന മദ്യസൽക്കാരത്തിൽ മെന്പറുടെ ഭർത്താവ് അഭിലാഷും പങ്കെടുത്തിരുന്നു. അവിടെനിന്നാണ് സംഘം പാറക്കുഴിയിലേക്ക് വന്നത്. കസ്റ്റഡിയിലുള്ള അഭിലാഷിനെ കണ്ണനുണ്ണിയുടെ വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയം ഇയാൾ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു.
കോളനിയിൽ ഓണാഘോഷസമയത്ത് അടുത്തടുത്ത് രണ്ട് അത്തപ്പൂക്കളങ്ങൾ ഇട്ടതുമുതലാണ് കോളനിവാസികളായ കണ്ണനുണ്ണിയും ശിവപ്രസാദും ശത്രുതയിലായത്. സമീപത്തെ വേലിക്കല്ല് പിഴുത് പിങ്കുവിന്റെ തലയ്ക്കടിച്ചതായാണ് പോലീസിന്റെ നിഗമനം. വേലിക്കല്ലിൽ രക്തം പുരണ്ടിട്ടുള്ളതായി പോലീസ് പറയുന്നു.