ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന പുതുവത്സരദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്കു നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്ക്ക് ഇസ്രയേല്‍ മുന്നറിയിപ്പു നല്കി. ഭീകരാക്രമണ സാധ്യത പറയുന്ന പ്രദേശങ്ങളില്‍ ഒന്നു കൊച്ചിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവ, പൂണെ, മുംബൈ, കൊച്ചി തുടങ്ങി പടിഞ്ഞാറന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരത്തിനായി എത്തിയിട്ടുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിലെ ബീച്ചുകളില്‍ ധാരാളം വിനോദസഞ്ചാരികളാണ് പുതുവത്സരാഘോഷത്തിനായി എത്തുന്നത്. തിരക്കുകൂടിയ ഇത്തരം സ്ഥലങ്ങള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഇസ്രായേല്‍ സ്വന്തം പൗരന്മാരോട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജൂതന്മാരുട വിശുദ്ധ ദിനമായ ശബത്ത് ദിനത്തില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അറിയിപ്പു പുറത്തുവന്നത്. ചില ഐസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ താവളമുറപ്പിച്ചുവെന്നു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നു കരുതുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്വന്തമായുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പ് അങ്ങനെ തള്ളിക്കളയാനും പറ്റില്ല. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള വിവരം ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേലുകാരുടെ ഏറെ പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാണ് കേരളം. പ്രത്യേകിച്ച് കൊച്ചി. ഇസ്രായേലില്‍ നിന്നുള്ള വിമുക്തഭടന്മാരാണ് പ്രധാനമായും ഇവിടെയെത്തുന്ന സഞ്ചാരികള്‍. എല്ലാ വര്‍ഷവും 25,000ലധികം ഇസ്രായേലി വിമുക്തഭടന്മാര് വിനോദ സഞ്ചാരത്തിനായി ഇന്ത്യയില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.