തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ഉടമസ്ഥയിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും നിന്നും മദ്യം വാങ്ങി സമീപത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കേരള തമിഴ്നാട് അതിർത്തിയായ കളിക്കാവിളയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.
തമിഴ്നാട് സർക്കാരിന്റെ ബിവറേജസ് ഔട്ട്ലെറ്റിനടുത്ത് ബാർ നടത്തുന്നതിന് തമിഴ്നാട് സർക്കാർ കരാർ അടിസ്ഥാനത്തിൽ ലൈസൻസ് നൽകും. മദ്യപിക്കാൻ എത്തുന്നവർ തമിഴ്നാട് ബിവറേജിന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറിൽ വച്ച് മദ്യപിക്കുന്നതാണ് സാധാരണ രീതി.
വൈകിട്ട് ആറോടെ സുനിൽ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാൻ എത്തിയപ്പോൾ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി തർക്കമുണ്ടാകുകയും തുടർന്ന് ശങ്കരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു.
ഇവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഉടൻ തന്നെ കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ സുനിലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ശങ്കരൻ ഒളിവിൽ പോയി. കേസെടുത്തു അന്വേഷണം ആരംഭിച്ചെന്ന് കളയിക്കാവിള പോലീസ് അറിയിച്ചു.