ആലുവ: പുതുവർഷം-2020 സമാധാനപരമായി ആഘോഷിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും റൂറൽ ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ മുതൽ എക്സൈസ്-പോലീസ് സംയുക്ത റെയ്ഡുകൾ ആരംഭിച്ചതായും 1500 ഓളം പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് പകലും രാത്രിയിലുമായി ഡ്യൂട്ടിക്ക് നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
വൈകുന്നേരം മൂന്ന് മുതൽ റൂറൽ ജില്ലാ പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പോലീസ് ബന്തവസ് അറേഞ്ച്മെന്റ്, പ്രത്യേക പോലീസ് പട്രോളിംഗ് എന്നിവയുണ്ടാകും. വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുന്നതിനായി കാമറകളുടെ സഹായത്തോടെ വാഹന പരിശോധനയും ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഉണ്ടാകും.
ചെറായി അടക്കമുള്ള ടൂറിസ്റ്റ് മേഖലകളിൽ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ശല്യപ്പെടുത്തുന്നത് തടയുന്നതിനായി മഫ്തി പോലീസിനെ നിയോഗിക്കും. പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചതായും എസ്പി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും അനുവദിക്കില്ല.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കൊതിരെ കർശന നടപടിയുണ്ടാകും. മദ്യവിൽപ്പനശാലകളിൽ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ വിൽപന അനുവദിക്കൂ. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ പിടികൂടുന്നതിനായി വനിതാ പോലീസ് ഉൾപ്പെടെയുള്ളവരെ മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിക്കും.
ലഹരിപദാർഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച പോലീസുകാരെ ചുമതലപ്പെടുത്തി. എക്സൈസ് വകുപ്പുമായി സഹകരിച്ച് പരിശോധനകൾ തുടരും . ബീച്ചുകളിലും പാർക്കുകളിലും കാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കും.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുക. മോട്ടോർ സൈക്കിളുകളുടെ മത്സരയോട്ടം ഒഴിവാക്കുക.
മദ്യപിച്ച് വാഹനം ഓടിക്കരുത്. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കരുത്. പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ശല്യം ചെയ്യരുത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊതുനിരത്തുകളിൽ ടയർ തുടങ്ങിയ വസ്തുക്കൾ കത്തിക്കരുത്. ടൂവീലർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. രാത്രി 11ന് ശേഷം തട്ടുകടകൾ പ്രവർത്തിക്കരുത്.
ചെറായിയിലും മലയാറ്റൂരിലും ഗതാഗതനിയന്ത്രണം
ചെറായി ബീച്ച് ഭാഗത്ത് ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേകളിൽ ഇന്ന് മുറികൾ ബുക്ക് ചെയ്തിട്ടുളള എല്ലാ വിനോദ സഞ്ചാരികളും പകൽ ഒന്നിന് മുമ്പായി ചെക്ക് ഇൻ ചെയ്യണം. ചെറായി ജംഗ്ഷൻ, ചെറായി ബീച്ച് ഭാഗങ്ങൾ മുതലായ സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ ചെറായി ജംഗ്ഷൻ മുതൽ മുനമ്പം വരെ സംസ്ഥാന പാതയിൽ ചെറായി ബീച്ച് റോഡ് ജംഗ്ഷൻ ഭാഗത്തു നിന്നും ചെറായി ബീച്ചിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
പോലീസ് സഹായം ലഭ്യമാകുന്നതിന് 0484 2621100, 112 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.കാലടിയില്‍ നിന്നു മലയാറ്റൂരിലേക്കു പോകുന്ന വാഹനങ്ങള്‍ നിരപ്പേല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മണപ്പാട്ടുചിറയുടെ സമീപത്തെ കപ്പേളയുടെ മുന്നിൽനിന്നു വലത്തേക്കു തിരിഞ്ഞ് യൂക്കാലി റോഡു വഴി ഐബിയുടെ എതിര് വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
മഞ്ഞപ്ര ഭാഗത്തു നിന്നു മലയാറ്റൂരിലേക്കു വരുന്ന വാഹനങ്ങള്‍ യൂക്കാലി റോഡു വഴി ഐബിയുടെ എതിര് വശത്തുള്ള ഗ്രൗണ്ടിൽ പാര്‍ക്കു ചെയ്യേണ്ടതാണ്. രാത്രി 10നു ശേഷം തിരക്ക് നിയന്തണാതീതമായാല് വാഹന ഗതാഗതം നിയന്തിക്കുമെന്നും പോലീസ് അറിയിച്ചു.