കൊച്ചി: പുതുവത്സരത്തിന് കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരിയെത്തുമെന്നുള്ള രഹസ്യ വിവരത്തെത്തുടർന്നു കർശന പരിശോധനയ്ക്കൊരുങ്ങി കേന്ദ്ര സംസ്ഥാന ഏജൻസികൾ.
പുതുവത്സരത്തിന് മുന്നോടിയായി ഹോട്ടലുകളിലും ലോഡ്ജുകളിലും സംയുക്ത പരിശോധന നടത്തും. സംസ്ഥാനത്തെ എക്സൈസ്, പോലീസ് സേനകൾക്കൊപ്പം കസ്റ്റംസ്, നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും സംയുക്തമായാണ് ഇത്തവണ ലഹരിവേട്ടയ്ക്കിറങ്ങുന്നത്.
ലഹരിപാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കും സംഘടനകൾക്കുമെതിരേ കർശന നടപടിയുണ്ടാകും. ഡിജെ പാർട്ടികളിലും ഫാഷൻ ഷോകളിലുമുൾപ്പെടെ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയാൽ ഹോട്ടലുടമകളും സംഘാടകരും ഇനി പ്രതികളാകും.
സാധാരണ ഹോട്ടലുകളിലും ലോഡ്ജുകളിലും ലഹരിവസ്തുക്കൾ പിടികൂടിയാൽ ഉടമകൾക്കെതിരേ അപൂർവമായെ നടപടിയുണ്ടാകാറുള്ളൂ. എന്നാൽ ഇനി മുതൽ സ്ഥലത്തിന്റെ ഉടമയ്ക്ക് പുറമെ പരിപാടിയുടെ സംഘാടകരും കേസിൽ പ്രതികളാകും.
സാധാരണഗതിയിൽ പുതുവത്സരാഘോഷത്തിനായാണ് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിയെത്തുന്നത്. മുൻവർഷങ്ങളിലും കണക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.
ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ ലക്ഷ്യവും ഇത്തരത്തിലുള്ള ഡിജെ പാർട്ടികളും മറ്റും തന്നെയാണ്.
എന്നാൽ ഇത്തവണ ഇതിനെല്ലാം തടയിടാനാണ് കേന്ദ്ര സംസ്ഥാന ഏജൻസികളുടെ നീക്കം. കൊച്ചിയിൽ ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകൾക്കും കലാകാരൻമാർക്കും മുന്നറിയിപ്പ് നൽകി.