കോട്ടയം: പുതുവത്സരാഘോഷങ്ങള്‍ക്കു നിയന്ത്രണം കടുപ്പിച്ച് പോലീസ്. ഒപ്പം സുരക്ഷയും വര്‍ധിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി 1,500 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗ് സംഘങ്ങളുണ്ടാകും.
പ്രധാന ഇടങ്ങളില്‍ മഫ്ടി പോലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. പൊതുസ്ഥലത്തു ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത മയക്കുമരുന്നുകളുടെ വില്‍പ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഊര്‍ജിതമാക്കും.
അനധികൃത മദ്യനിര്‍മാണം, സെക്കന്റ്സ് മദ്യ വില്‍പ്പന തുടങ്ങിയവ കണ്ടെത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ജില്ലയില്‍ കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ വനിതാ പോലീസിനെ ഉള്‍പ്പെടുത്തി മഫ്ടി പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
ലഹരി വസ്തുക്കള്‍ ജില്ലയില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികളില്‍ പോലീസിന്റെ പ്രത്യേക പരിശോധനയുണ്ടാകും. ആവശ്യമെങ്കില്‍ മുന്‍കരുതലെന്നോണം റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ അതത് സ്റ്റേഷനുകളില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന് പോലീസ് സ്റ്റേഷനുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ന്യൂഇയര്‍, ഡിജെ പാര്‍ട്ടികള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും പാര്‍ട്ടികൾ നടത്തുന്ന സംഘാടകര്‍ പരിപാടിക്കായി മുന്‍കൂട്ടി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍നിന്ന് അനുമതി വാങ്ങുകയും പരിപാടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തിയിരിക്കണമെന്നും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.