സംഗീതനിശയുടെ മറപിടിച്ച് പുതുവര്‍ഷത്തലേന്ന് വാഗമണില്‍ ഒരുങ്ങുന്നത് വന്‍ ലഹരി പാര്‍ട്ടി; പ്രവേശനത്തിനായി ഒരാള്‍ നല്‍കേണ്ടത് 1400 രൂപ; നുഴഞ്ഞു കയറ്റക്കാരെ മെരുക്കാന്‍ 100 ബൗണ്‍സറുമാര്‍

കൊച്ചി: ന്യൂഇയര്‍ റേവ് പാര്‍ട്ടി തടയാന്‍ എറണാകുളത്ത് പരിശോധന ശക്തമാക്കിയതോടെ കളംമാറ്റിച്ചവിട്ടാനൊരുങ്ങി ലഹരിസംഘം. പുതുവര്‍ഷ രാവില്‍ വാഗമണിലെ സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ലഹരി പാര്‍ട്ടി നടത്താനാണ് ഇവരുടെ പദ്ധതിയെന്ന് സൂചനയുണ്ട്.

മ്യൂസിക്കല്‍ പാര്‍ട്ടിയെന്നു സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പാര്‍ട്ടിയില്‍ വ്യാപകമായ മദ്യ ഉപയോഗവും ലഹരി ഉപയോഗവും നടക്കുമെന്നാണ് വിവരം. വഴിക്കടവിലെ സ്‌കൂള്‍ ഗ്രൗണ്ടിലാണു പാര്‍ട്ടി നടക്കുന്നത്.

വാഗമണ്‍ മൊട്ടക്കുന്നില്‍ കെ.ടി.ഡി.സിയുടെ സ്ഥലത്താണു ഡി.ജെ. പാര്‍ട്ടി നടത്താന്‍ ആദ്യം തീരുമാനിച്ചത്. ഇതിന് അനുമതിക്കായി ശ്രമിച്ചെങ്കിലും കൊച്ചിയില്‍നിന്നു മാറ്റുന്ന റേവ് പാര്‍ട്ടികള്‍ വാഗമണില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊട്ടക്കുന്നില്‍ പാര്‍ട്ടി നടത്തുന്നതിന് ഇടുക്കി പോലീസ് അനുമതി നല്‍കിയില്ല.

പിന്നീടാണ് സംഗീത നിശ എന്ന പേരില്‍ വഴിക്കടവില്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങിയത്. വാഗമണ്‍ പരിസരപ്രദേശമാണെങ്കിലും വഴിക്കടവ് കോട്ടയം പോലീസിന്റെ അതിര്‍ത്തിയാണ്. ഈരാറ്റുപേട്ടയിലുള്ള പ്രാദേശിക രാഷ്ട്രീയനേതാക്കളാണ് സംഘത്തിന് അനുമതി വാങ്ങി നല്‍കിയത്.

പാര്‍ട്ടിയുടെ മറവില്‍ ലഹരിയുപയോഗം നടത്താനാണ് പരിപാടി. മ്യൂസിക്കല്‍ പാര്‍ട്ടിക്ക് രജിസ്റ്റര്‍ ചെയ്യാനെന്നു പറഞ്ഞ് വിളിച്ചാല്‍ 1400 രൂപയാണ് എന്‍ട്രി ഫീസ് എന്ന് സംഘാടകര്‍ ആദ്യം അറിയിക്കും.

ആഘോഷിക്കാനാണ് വരുന്നതെന്നു വ്യക്തമാക്കുമ്പോള്‍ ഗ്രൗണ്ടിന് അടുത്തു മുറികളുണ്ടെന്നും അവിടെ വേണമെങ്കില്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ആവാമെന്നും ഗ്രൗണ്ടില്‍ പരസ്യമായി ചെയ്യരുതെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ കൂടെയുണ്ടെങ്കിലും കുഴപ്പമില്ലെന്നും മുറികള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കുമെന്നുമാണ് ഇവരുടെ പക്ഷം.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. വന്‍ രാഷ്ട്രീയ ലോബിയും പാര്‍ട്ടിക്കു പിന്നിലുണ്ടെന്നാണ് സൂചന. പാര്‍ട്ടിയില്‍ മറ്റാരും നുഴഞ്ഞുകയറാതിരിക്കാന്‍ 100 ഗുണ്ടകളെ ബൗണ്‍സേഴ്സ് എന്ന പേരില്‍ നിയോഗിച്ചിട്ടുമുണ്ടെന്നാണ് സൂചന.

ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനാണ് പാര്‍ട്ടിയുടെ നടത്തിപ്പ് ചുമതല. മൂന്നാറിലും വാഗമണിലും ലഹരി പാര്‍ട്ടി നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരം പുറത്തായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ മ്യൂസിക് പാര്‍ട്ടിയുടെ മറപറ്റി പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

 

Related posts