തിരുവനന്തപുരം: അഞ്ചു വയസുകാരിയായ വേണിയും നാലു വയസുകാരിയായ റാണിയും ഇനി ജീവിക്കുക ന്യൂസിലന്‍ഡില്‍.ന്യൂസിലന്‍ഡിലെ നേപ്പിയര്‍ പട്ടണത്തിലെ കാവ്കെസ് ബെയിലെ മ്യൂസിക് തെറാപ്പിസ്റ്റ് ഡെറിന്‍ ലൂയിസ് മെന്‍സീസ് ആണ് ഇനി മുതല്‍ അവരുടെ അമ്മ. ഡെറിന്‍ അവിവാഹിതയാണ്. രാജ്യാതിര്‍ത്തികള്‍ കടന്നെത്തിയ മാതൃത്വത്തിന്റെ മഹാമനസ്കതയില്‍ ശിശുക്ഷേമ സമിതിയിലെ കുരുന്നു സഹോദരികളുടെ ജീവിതം സനാഥമായി. ബുധനാഴ്ച ശിശുക്ഷേമ സമിതി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡെറിന്‍ തന്റെ പൊന്നോമന കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് രണ്ടുവര്ഷത്തിലേറെയായിരുന്നു.
സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി(കാര)യില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു ഡെറിന്‍. തുടര്‍ന്ന് കേരളത്തില്‍ നിന്നു കുട്ടികളെ ദത്തെടുക്കാന്‍ അനുമതി ലഭിച്ചു. സുഹൃത്തുക്കള്‍ മുഖേനയാണ് അവര്‍ കേരളത്തെക്കുറിച്ചറിയുന്നത്. മാസങ്ങള്‍ക്കു മുമ്പ് കുട്ടികളെ സന്ദര്‍ശിച്ച ഡെറിന്‍ അന്നു മുതല്‍ അവര്‍ക്കു സമ്മാനങ്ങളും അയച്ചു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ശിശുക്ഷേമ ഭവനില്‍ കുട്ടികള്‍ക്കൊപ്പം ഡെറിനുമുണ്ട്. 12 വര്‍ഷത്തിനു ശേഷമാണ് ശിശുക്ഷേമ സമിതിയില്‍ നിന്ന് കുട്ടികളെ വിദേശത്തേക്ക് ദത്തു നല്‍കുന്നത്. മാതൃത്വത്തിന് വലിയവില കൊടുക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു തന്നെ കുട്ടികളെ കിട്ടിയതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ഡെറിന്‍ പറയുന്നു. ഉറ്റസുഹൃത്ത് എലിസബത്ത് ബാറ്റ്ഫോഴ്സെയും ഡെറിന്റെ ഒപ്പമുണ്ടായിരുന്നു. ശേഷിക്കുന്ന കാലം കുട്ടികളുടെ അമ്മൂമ്മ എലിസബത്താണെന്നും ഡെറിന്‍ പറയുന്നു.
ന്യൂസിലന്‍ഡിലെ പ്രമുഖ കവയിത്രി റോസ്മേരിയുടെയും റിട്ട. അധ്യാപകനായ റോബര്‍ട്ടിന്റെയും മകളാണ് ഡെറിന്‍ ഇവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ഏറ്റവും മികച്ച സൗകര്യത്തോടെ കുട്ടികളെ വളര്‍ത്താനാകുമെന്ന് അവിടുത്തെ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണ് ദത്തെടുക്കലിന് അനുമതി നല്‍കിയത്. കുട്ടികളുമായി ഡെറിന്‍ ഈ മാസം 19ന് ന്യൂസിലാന്‍ഡിലേക്ക് പറക്കും.