വള്ളിവട്ടം: കൊറോണയെന്ന മഹാമാരി വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്കു പടരാതിരിക്കാൻ അശ്രാന്ത പരിശ്രമത്തിലാണ് ഒരു കൂട്ടം വിദ്യാർഥികൾ.
കൊറോണ ബാധിച്ച രോഗി അധികൃതർ അറിയാതെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ അവരുടെ സഞ്ചാരപാത കണ്ടെത്തി അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്ന മൊബൈൽ ആപ്പ് തയാറാക്കിയിരിക്കുകയാണ് വള്ളിവട്ടം എൻജിനീയറിംഗ് കോളജ്.
ഏകാന്തവാസത്തിലോ, സഞ്ചാരപാതയിലോ ഉള്ള വ്യക്തിയുടെ മൊബൈലിൽ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ വ്യക്തി നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടാലോ, മറ്റു വ്യക്തികളുമായി സന്പർക്കത്തിൽ ഏർപ്പെട്ടാലോ, സഞ്ചാരപാത ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നിരീക്ഷണകേന്ദ്രത്തിനു ലഭിക്കും.
രോഗലക്ഷണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായുള്ള ചാറ്റ് ബോട്ട്, ആശുപത്രി സന്ദർശനം കൂടാതെ ഡോക്ടറുമായി ആശയവിനിമയം നടത്തുവാനുള്ള സൗകര്യം എന്നിവ ഈ മൊബൈൽ ആപ്പിന്റെ പ്രത്യേകതയാണ്.