2018ൽ പുതിയ സാങ്കേതികവിദ്യകളെ കാത്തിരിക്കുകയാണ് ടെക്ലോകം. വ്യത്യസ്തമായ ആപ്പുകളും മൊബൈൽ ഫോണുകളും സ്മാർട് ഡിവൈസുകളും ഈ വർഷം വിപണികളിലെത്തും. പോയ വർഷം നിരവധി ആപ്പുകൾ മികച്ച അഭിപ്രായം നേടി. 2017 ഡിസംബർവരെ 35 ലക്ഷത്തോളം ആപ്പുകളാണ് പ്ലേസ്റ്റോറിൽ ഉള്ളത്. പ്ലേസ്റ്റോറിലെ റേറ്റിംഗിലും പോപ്പുലാരിറ്റിയിലും മികച്ചുനിന്ന ഏഴ് ആപ്പുകൾ ഇതാ…
ഗൂഗിൾ അസിസ്റ്റന്റ്
ഗൂഗിളിന്റെ ആർട്ടിഫിഷൽ പേഴ്സണൽ അസിസ്റ്റന്റാണ് ഗൂഗിൾ അസിസ്റ്റന്റ്. ആൻഡ്രോയിഡിലും ഐഒഎസിലും പ്രവർത്തിക്കുന്ന ഈ ആപ്പിനെ പല കന്പനികളും ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിവൈസുകളിൽ ഉപയോഗിക്കുന്നുണ്ട്. ഏതു ചോദ്യത്തിനുമുള്ള ഉത്തരം ഗൂഗിൾ അസിസ്റ്റന്റിൽ റെഡിയാണ്. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ആർക്കും ഗൂഗിളിൾ അസിസ്റ്റന്റനെ മാറ്റി നിർത്താനാകില്ല.
സ്വിഫ്റ്റ് കീ (Swiftkey)
ഗൂഗിൾ കീ ബോർഡ് ഉപയോഗിക്കുന്നവർക്ക് സ്വിഫ്റ്റ്കീ കീബോർഡ് അത്രപരിചയം ഉണ്ടായിരിക്കില്ല. ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാണ് സ്വിഫ്റ്റ്കീ പ്രവർത്തിക്കുന്നത്. ഗൂഗിളിന്റെ ജിബോർഡുമായി താരതമ്യം ചെയ്യുന്പോൾ 10 കോടിയിലധികം ആളുകളാണ് ഈ ആപ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ടൈപ്പ് ചെയ്യുന്പോൾ വാക്കുകൾ മുൻകൂട്ടി കീബോർഡിനു മുകളിൽ കാണിക്കുന്നതും ടൈപ്പ് ചെയ്യുന്ന പാസ്വേഡുകളും മറ്റും സ്റ്റോർ ചെയ്യുന്നില്ല എന്നതും സ്വിഫ്റ്റ്കീയുടെ പ്രത്യേകതയാണ്.
ഡ്യു (Duo)
ഏറ്റവും ലളിതമായ വീഡിയോ കോളിംഗ് ആപ്പാണ് ഗൂഗിൾ ഡ്യു. വളരെ ഏളുപ്പത്തിൽ ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. ഗൂഗിൾ ഡ്യുവിലെ ന്വോക് ന്വോക് (Knock Knock) എന്ന ഒാപ്ഷൻ വളരെ ജനപ്രീതി നേടി. വീഡിയോ കോൾ എടുക്കുന്നതിനുമുന്പ് വിളിക്കുന്നയാളുടെ വീഡിയോ കാണാൻ സാധിക്കുന്ന ഒാപ്ഷനാണ് ന്വോക് ന്വോക്.
ഇഎസ് ഫയൽ എക്സ്പ്ലോറർ (ES File Explorer)
ആൻഡ്രോയിഡ് ഫയൽ മാനേജർ ആപ്പിൽ ഏറ്റവും മികച്ചു നിൽക്കുന്നതാണ് ഇഎസ് ഫയൽ എക്സ്പ്ലോറർ. ഫയലുകൾ വൈഫൈ ഉപയോഗിച്ച് ഷെയർ ചെയ്യാനുള്ള ഒാപ്ഷനും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആപ്പുകൾ അൺഇൻസ്റ്റാൾ, ബാക്അപ് തുടങ്ങിയവ ചെയ്യാനുള്ള സൗകര്യവും ഇഎസ് ഫയൽ എക്സ്പ്ലോററിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പിക്സ് ആർട്ട് (PicsArt)
ആൻഡ്രോയിഡിലെ ഏറ്റവും മികച്ച ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് പിക്സ് ആർട്ട്. 10 കോടിയിലധികം ആളുകൾ പിക്സ് ആർട്ട് ഉപയോഗിക്കുന്നുണ്ട്. ഫോട്ടോകളിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുക, ഫ്രെയിമുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ചേർക്കാനുള്ള സൗകര്യം പിക്സ് ആർട്ടിലുണ്ട്.
ലാസ്റ്റ്പാസ് (LastPass)
പാസ്വേഡുകളും വ്യക്തിവിവരങ്ങളും സുരക്ഷിതമായി ഫോണിൽ സൂക്ഷിക്കാനുള്ള ആപ്പാണ് ലാസ്റ്റ്പാസ്. പല ആപ്പുകൾക്കും സോഷ്യൽ മീഡിയ സൈറ്റുകളിലും വിവിധ പാസ്വേഡുകൾ ഉപയോഗിക്കുന്നതിനു പകരം ലാസ്റ്റ്പാസിൽ ഒരു പാസ്വേഡ് രേഖപ്പെടുത്തിയാൽ മതി, ബാക്കിയെല്ലാം ആപ് കൈകാര്യം ചെയ്തുകൊള്ളും.
ഷാസം (Shazam)
ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ട ആപ്പാണ് ഷാസം. ഏതെങ്കിലും പാട്ട് കേട്ടാൽ അത് ഡൗൺലോഡ് ചെയ്യണമെന്നോ അല്ലെങ്കിൽ അതിനെക്കുറിച്ച് വിശദമായി അറിയണമെങ്കിലോ ആപ് ഇൻസ്റ്റാൾ ചെയ്ത ഡിവൈസ് ഒാണാക്കിയാൽ മാത്രം മതി. ഗൂഗിൾ പ്ലേ മ്യൂസിക്കിൽനിന്ന് പാട്ടുകൾ വാങ്ങാനും ഫേസ്ബുക്കുമായി കണക്ട് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്.
ഏറെ പരിചയമുള്ള എക്സെൻഡർ (Xender) എംഎക്സ് പ്ലയർ, വാട്സ്ആപ് തുടങ്ങിയ ആപ്പുകളും 2017ലെ ജനപ്രിയ ആപ്പുകളുടെ പട്ടികയിലുണ്ട്. ഒരേ ഉപയോഗമുള്ള പല ആപ്പുകളും പ്ലേസ്റ്റോറിൽ നിറയുന്നത് ഉപയോക്താക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. മികച്ച റേറ്റിഗും അഭിപ്രായവുമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക.
സോനു തോമസ്