നെടുങ്കണ്ടം: വീട്ടുകാർക്കും നാട്ടുകാർക്കും കൗതുക കാഴ്ചയൊരുക്കി അപൂർവയിനം പക്ഷി വിരുന്നെത്തി. നൈറ്റ് ഹെറോണ്‍ വിഭാഗത്തിൽപെട്ട പക്ഷിയാണ് മൂങ്കിപ്പള്ളം കുറ്റിയാങ്കൽ സുകുമാരന്റെ വീട്ടുമുറ്റത്ത് എത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് പക്ഷി വീട്ടുമുറ്റത്ത് എത്തിയത്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച പക്ഷി ഇതിനിടെ വീട്ടിനുള്ളിലേക്കു കയറുകയും ചെയ്തു. വീട്ടിൽ കയറിയ പക്ഷി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഉള്ളിൽതന്നെ തങ്ങിയതോടെ വീട്ടുകാർ കന്പംമെട്ട് പോലീസിലും വനംവകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.
പക്ഷിക്ക് വീട്ടുകാർ പാലും ആഹാര സാധനങ്ങളും നൽകിയതോടെ പക്ഷി വീട്ടിനുള്ളിൽതന്നെ നിലയുറപ്പിച്ചു. പ്രദേശവാസികൾ അപൂർവ ഇനം പക്ഷിയെ കാണാൻ സുകുമാരന്റെ വീട്ടിൽ തടിച്ചുകൂടി.
പക്ഷിയുടെ തലയിലെ പൂവ് രാത്രി നീല കളറും പകൽ ചാര കളറുമാകും. വനംവകുപ്പ് സ്ഥലത്തെത്തി പക്ഷിയെ പരിശോധിച്ചപ്പോഴാണ് നൈറ്റ് ഹെറോണ്‍ എന്ന ഇനത്തിൽപെടുന്ന പക്ഷിയാണെന്ന് വ്യക്തമായത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ സിജി മുഹമ്മദ്, മുഹമ്മദ് സാലി, ഇ. ഷൈജുമോൻ, ടി.പി. പ്രസാദ്, ഗിരീഷ് എന്നിവരടങ്ങിയ സംഘം പക്ഷിയെ ഏറ്റുവാങ്ങി. കേരള – തമിഴ്നാട് അതിർത്തി വനമേഖലയായ കന്പംമെട്ട് വനത്തിൽ തുറന്നുവിടുകയുംചെയ്തു.