പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം പോലീസുകാര്‍ രക്ഷപ്പെടുത്തിയ നവജാതശിശുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍.
കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതല്‍ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി.
നവജാത ശിശുക്കളുടെ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. എന്നാല്‍ പൂര്‍ണ ആരോഗ്യത്തില്‍ എത്തിയിട്ടില്ല.
അപകടനില തരണം ചെയ്തതായും നിലവില്‍ പറയാന്‍ കഴിയില്ല. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ മാറ്റില്ലെന്നും അധികൃതര്‍ പറഞ്ഞു.
മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്. രക്തസ്രാവമോ മറ്റു പരുക്കുകളോ കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റില്‍ ഉപേക്ഷിച്ചതെന്ന മറുപടിയാണു ആറന്മുള കോട്ട സ്വദേശിയായ യുവതി നല്‍കിയത്.
കുഞ്ഞിനെ എന്തു കൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാനും യുവതിയ്ക്കായില്ല.
യുവതി ചികിത്സയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ആറന്മുള എസ്ഐ അലോഷ്യസ് അലക്സാണ്ടറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.
യുവതിയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ്, യുവതിക്കൊപ്പം ആശുപത്രിയിലെത്തിയ അമ്മ എന്നിവരില്‍ നിന്നു വിശദാംശങ്ങള്‍ തേടി.
ഡോക്ടറുടെ മൊഴിയുമെടുത്തു. കത്രിക ഉപയോഗിച്ച് സ്വയം പൊക്കിള്‍ക്കൊടി മുറിക്കുകയായിരുന്നെന്നാണു യുവതിയുടെ മൊഴി.
ഇന്നലെ യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് പൊക്കിള്‍ക്കൊടി മുറിക്കാനെടുത്ത കത്രിക കണ്ടെത്തി. വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടുളളത്.