കോഴിക്കോട്: പൂര്‍ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ച സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവവേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവം നടന്നെങ്കിലും തലയ്ക്കു പരിക്കേറ്റ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.
17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് കുഞ്ഞുണ്ടായത്. സ്വന്തമായി വീടുപോലുമില്ലാത്ത കൂലിപ്പണിക്കാരായ ഇവർ ഈങ്ങാപ്പുഴയ്ക്ക് സമീപം കാഞ്ഞാം വയലിൽ വാടകക്ക് താമസിക്കുകയാണ്. നവജാതശിശു മരിച്ച സംഭവത്തിൽ കേസ് കൊടുക്കാനുള്ള നീക്കത്തിലാണു ബന്ധുക്കൾ.