തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുദിവസം പ്രായമുള്ള ആണ്‍കുട്ടിക്ക് പ്രഗ്യാൻ ചന്ദ്ര എന്നു പേരിട്ടു. ചന്ദ്രയാൻ ദൗത്യത്തിന്റെ ഓർമയും ചെസ് താരം പ്രഗ്നാന്ദയോടുള്ള ആദരവിന്റെയും സൂചകമായാണ് കുഞ്ഞിന് പ്രഗ്യാൻ ചന്ദ്ര എന്നു പേരു നൽകിയതെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് അമ്മത്തൊട്ടിലിൽ കുട്ടിയെ കണ്ടെത്തിയത്. അരുമക്കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 8.30ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടറുടെ നിർദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ കഴിയുകയാണ്. ശിശുക്കളുമായി ഉപേക്ഷിക്കാൻ എത്തുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ ജില്ലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽനിന്ന് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും.
ജില്ലകളിൽ സ്പോണ്‍സർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കും. ഹൈടെക് അല്ലാത്ത അമ്മത്തൊട്ടിലുകൾ പത്തു ലക്ഷത്തിൽപരം രൂപ ചെലവഴിച്ച് ഹൈടെക് ആക്കും. കോഴിക്കോട്, മുൻ എംഎൽഎ എ. പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ നിർമാണം പൂർത്തിയായിട്ടുണ്ട്.
അമ്മത്തൊട്ടിൽ നിലവിലില്ലാത്ത പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ എംഎൽഎമാരുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 141 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത്.
2002 നവംബർ 14ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 584-ാമത്തെ കുട്ടിയാണ് പ്രഗ്യാൻ. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.