ഡോക്ടർമാർ മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് സംസ്കാരത്തിന് തൊട്ടുമുൻമ്പായ് ജീവനുണ്ടെന്ന് കണ്ടെത്തി. ആസാമിലെ സിൽച്ചാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടി മരിച്ചെന്ന് അറിയിച്ചത്.
ആറുമാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അമ്മയെയോ കുഞ്ഞിനെയോ മാത്രമേ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചതായ് യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് പ്രസവം നടക്കുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ മൃതദേഹമാണ് അവർക്ക് ലഭിച്ചത്.
പിന്നാലെ ശ്മശാനത്തിലേക്ക് സംസാകരത്തിനായ് മൃതദേഹം കൊണ്ടുപോയി. ശ്മശാനത്തിൽ എത്തിയ ശേഷം അന്ത്യകർമങ്ങൾക്ക് മുമ്പാണ് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. പിന്നാലെ കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് അവർ മടങ്ങുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് തൊട്ടുപിന്നാലെ സിൽച്ചാറിലെ മാലിനിബിൽ പ്രദേശത്തെ ഒരു സംഘം ആളുകൾ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധിച്ചു. അതേസമയം ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുടുംബാംഗങ്ങൾ എഫ്ഐആർ ഫയൽ ചെയ്തു.
എന്നാൽ കുഞ്ഞ് മരിച്ചത് അറിയിക്കുന്നതിന് മുമ്പ് എട്ട് മണിക്കൂർ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.