കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിന്റെ കാമുകൻ പിടിയിൽ. പ്രതി ഷാനിസാണ് പിടിയിലായത്. കുഞ്ഞിന്റെ മാതാവ് അശ്വതിയും ഷാനിസും തമ്മിൽ കഴിഞ്ഞ ഒന്നര വർഷമായി അടുപ്പത്തിലായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.
ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നാം തിയതി മുറിയെടുത്തു. ഞായറാഴ്ചയോടെ കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാൽ കൊടുത്തു കൊണ്ടിരുന്നപ്പോൾ കുഞ്ഞിന്റെ തലയിൽ കുടുങ്ങി എന്നു പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉടൻ തന്നെ കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റി. എന്നാൽ കുഞ്ഞ് ഇന്നലെ മരണപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് മനസിലായത്.
ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാനിസ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് ഷാനിസ് പറഞ്ഞു. കുഞ്ഞ് മറ്റൊരാളുടേതായതാണ് കൊലപാതകം ചെയ്യാൻ കാരണം.
കുഞ്ഞിന്റെ അമ്മ അശ്വതിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.