മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതൽക്കൂട്ടായി വയനാടൻ മലനിരകളിൽ നിന്നു പുതിയൊരു പൂച്ചെടി കൂടി. കാലിക്കട്ട് സർവകലാശാല ഗവേഷകരുടെ സംഭാവനയായി ജസ്നേറിയസി സസ്യകുടുംബത്തിൽപ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്.
വയനാടൻ മലനിരകളിൽ നിന്നു കണ്ടെത്തിയതിനാൽ ഹെലൻ കീലിയ വയനാടൻസിസ് എന്നാണ് പുതിയ ചെടിക്ക് പേരിട്ടിരിക്കുന്നത്. സർവകലാശാല സസ്യശാസ്ത്ര പഠന വകുപ്പിലെ പ്രഫ. ഡോ. സന്തോഷ് നന്പിയും കോഴിക്കോട് പ്രോവിഡൻസ് കോളജിലെ ഗസ്റ്റ് അധ്യാപിക ഡോ.ജനീഷ ഹസീമും ചേർന്നാണ് പുതിയ പൂച്ചെടിയെ തിരിച്ചറിഞ്ഞത്.
കണ്ടെത്തൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോ സ്പേം ടാക്സോണമി (ഐഎഎടി) യുടെ അന്താരാഷ്ട്ര സസ്യവർഗീകരണ ജേണലായ റീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയനാട് മീനങ്ങാടിയിലെ കടുവാക്കുഴി മലനിരകളിൽ നിന്നു 1200 കിലോമീറ്റർ മുകളിലായി പാറയിടുക്കുകളിലാണ് ഇവ കാണപ്പെടുന്നത്. നിലം പറ്റി വളരുന്ന വലിയ ഇലകളോടു കൂടി ചെടിയിൽ ഭംഗിയുള്ള പുഷ്പങ്ങളുണ്ടാകും. ഉയർന്നു നിൽക്കുന്ന പൂങ്കുലകളിൽ ഇളം വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കളാണുണ്ടാകുക.
ലോകത്ത് ആകെ എഴുപത് സ്പീഷിസുകളുള്ള ഈ ജനുസിൽ 15 എണ്ണവും ദക്ഷിണേന്ത്യയിലാണ് കാണപ്പെടുന്നത്. ഇതിൽ മൂന്നെണ്ണത്തെ തിരിച്ചറിഞ്ഞത് ഡോ. സന്തോഷ് നന്പിയും സംഘവുമാണ്.