സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ വർധിച്ചുവരുന്ന ബൈക്കപകടങ്ങൾ കുറയ്ക്കാൻ കർശന നടപടികളുമായി കേന്ദ്രവും സംസ്ഥാന സർക്കാരും കളത്തിലിറങ്ങുന്നു. ബൈക്കുകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കണമെന്ന നിർദ്ദേശം അടിയന്തരമായി നടപ്പാക്കിക്കൊണ്ടാണ് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ അധികൃതർ ശ്രമം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബൈക്ക് നിർമാണ കന്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
അപകടത്തിനിടയാക്കാത്ത സ്പീഡിനപ്പുറത്തേക്ക് പോകാൻ സാധിക്കാത്ത വിധം ബൈക്കുകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കാനാണ് ബൈക്ക് നിർമാണ കന്പനികൾക്ക് നിർദ്ദേശം നൽകുക. ഇത് ഒരു തരത്തിലും മാറ്റുന്നതിനോ സ്പീഡ് കൂട്ടുന്നതിനോ മോഡിഫൈ ചെയ്യുന്നതിനോ സാധിക്കാത്ത വിധമാകണം ഘടിപ്പിക്കേണ്ടതെന്ന കർശന നിർദേശവും കന്പനികൾക്ക് നൽകും.
ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ നേരത്തെ തന്നെ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ഇപ്പോൾ ഇന്ത്യയിലെ ബൈക്ക് നിർമാതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്.സ്പീഡ് കുറഞ്ഞ ബൈക്കുകൾക്ക് ഡിമാന്റുണ്ടാവില്ലെന്ന ആശങ്കയാണ് ഇന്ത്യൻ ബൈക്ക് നിർമാതാക്കൾ പ്രകടിപ്പിക്കുന്നത്. ഇപ്പോൾ പല ബൈക്കുകളിലും സ്പീഡ് കണ്ട്രോൾ വേണമെങ്കിൽ ആകാം എന്ന സംവിധാനമുണ്ട്.
ചീറിപ്പായുന്ന ബൈക്കിൽ പോകാൻ ഹരമുള്ളവരാരും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് ഓപ്ഷണൽ അല്ലാതെ സ്പീഡ്ഗവർണർ നിർബന്ധമായും ഘടിപ്പിക്കുകയെന്ന നിലപാടിലേക്ക് അധികൃതർ എത്തുന്നത്. ബൈക്കുകളിൽ സ്പീഡ് നിയന്ത്രണം അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രവും സംസ്ഥാനവുമെന്ന് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ.പത്മകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
സംസ്ഥാന മോട്ടോർ വാഹനവകുപ്പ് തങ്ങളുടെ നിയമങ്ങളിൽ കടുത്ത ഭേദഗതികൾ വരുത്തിക്കൊണ്ട് അപകടങ്ങൾ നിയന്ത്രിക്കാൻ നടപടികൾ കൈക്കൊണ്ടുവരികയാണ്. തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനങ്ങൾ ഉടമകൾക്ക് വിട്ടു കൊടുക്കില്ലെന്നതാണ് പുതിയ തീരുമാനം.
തേർഡ് പാർട്ടി ഇൻഷ്വറൻസ് ഇല്ലാത്ത നിരവധി വാഹനങ്ങൾ അടുത്തിടെയായി അപകടത്തിൽ പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്തരം വണ്ടികൾ വിട്ടുകൊടുക്കേണ്ടെന്ന കർശന നിലപാട് കേരള മോട്ടോർ വാഹന വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ കസ്റ്റഡിയിൽ കിട്ടുന്ന വാഹനങ്ങൾ പിന്നീട് ലേലം ചെയ്ത് വിൽക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കെ.പത്മകുമാർ പറഞ്ഞു. വണ്ടി വിട്ടുകിട്ടണമെന്ന നിർബന്ധമുള്ളവർ വൻതുക സെക്യൂരിറ്റി കെട്ടിവച്ചാൽ വണ്ടി വിട്ടുകൊടുക്കും.
ഹെൽമറ്റില്ലാതെ അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഹെൽമറ്റ് ധരിക്കാതെ അപകടത്തിൽ പെടുന്നവർക്ക് ഒരു കാരണവശാലും ഇൻഷ്വറൻസ് തുക നൽകേണ്ടതില്ലെന്ന ശിപാർശയുടെ നിയമവശങ്ങളും സാധ്യതകളും മോട്ടോർ വാഹനവകുപ്പ് നിയമവകുപ്പും പോലീസും ഇൻഷ്വറൻസ് കന്പനികളുമായി ചർച്ച ചെയ്തു വരികയാണ്.
ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ ഹെൽമറ്റ് ധാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെയും പോലീസിന്റെയും പ്രതീക്ഷ. അടുത്ത വർഷം ഫെബ്രുവരിയിൽ കേരളത്തിൽ നടപ്പാക്കുന്ന സെയ്ഫ് കേരളയുടെ ഭാഗമായി മോട്ടോർ വാഹന നിയമങ്ങളിൽ കാര്യമായ അഴിച്ചുപണിയും അമിത വേഗക്കാർക്കെതിരേ കർശന നടപടികളും അപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികളുമുണ്ടാകുമെന്നുറപ്പാണ്.
രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ പലയിടത്തും അപകടങ്ങളിൽ മരിച്ചിരുന്നു. അമിതവേഗത, ഹെൽമറ്റുപയോഗിക്കാതിരിക്കൽ തുടങ്ങിയവ മരണകാരണങ്ങളായി പറയുകയും ചെയ്തിരുന്നു. എന്നാൽ ഉപദേശങ്ങൾ കൊണ്ട് രക്ഷയില്ലെന്ന സ്ഥിതിയിലാണ് കേരള മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്.
ബ്രത്ത് അനലൈസറിനെ കബളിപ്പിക്കാൻ കഴിയുന്ന ന്യൂജൻ ലഹരിമരുന്നും ഉപയോഗിച്ച് ന്യൂജൻ ബൈക്കുകളിൽ ചീറിപ്പായുന്നവരെ പിടികൂടാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.അപകടങ്ങൾ കൂടുതലും രാത്രിയിലും പുലർച്ചെയുമാണെന്നതും സ്ട്രെയിറ്റ് റോഡുകളിലാണ് കൂടുതൽ അപകടമെന്നതും മോട്ടോർവാഹനവകുപ്പ് അതീവഗൗരവത്തിലെടുത്തിട്ടുണ്ട്.
കേരളത്തിലെ പുതിയ എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ രാത്രിക്കാഴ്ചയ്ക്ക് തടസമാണെന്ന പരാതി വ്യാപകമാണ്. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് കാണുന്നില്ലെന്ന് വാഹനമോടിക്കുന്നവർ പറയുന്നു. സ്ട്രെയിറ്റ് റോഡുകളിൽ ഡിവൈഡറുകൾ കുറവാണ് എന്നത് അപകടങ്ങൾ കൂടാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അപകടങ്ങളുണ്ടാകുന്നത് കൂടുതലും സ്ട്രെയ്റ്റ് റോഡുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ട്രെയിറ്റ് റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമെന്ന് മോട്ടോർ വാഹന വകുപ്പ് പിഡബ്ല്യുഡി അടക്കം വിവിധ റോഡ് വകുപ്പുകളോട് നിർദ്ദേശിക്കുന്നുണ്ട്.ഈ വർഷം ഒക്ടോബർ വരെ കേരളത്തിലുണ്ടായത് 33,275 അപകടങ്ങൾ. മരണമടഞ്ഞത് 3,467 പേർ. പരിക്കേറ്റവർ 37,681. അതായത് ഈ വർഷം കേരളത്തിലെ നിരത്തുകളിൽ ഒഴുകിയത് 41,148 പേരുടെ രക്തമാണ്. അനൗദ്യോഗിക കണക്കുകൾ ഇതിനു പുറമെയായിരിക്കും.
കഴിഞ്ഞ വർഷം 38,470 അപകടങ്ങളിൽ 4,131 പേർ മരിച്ചപ്പോൾ 42,671 പേർക്ക് പരിക്കേറ്റു. 2016ലാകട്ടെ 39,420 അപകടങ്ങളിൽ 4,287 പേർ മരിച്ചു. 44,108 പേർക്ക് പരിക്കേറ്റു.