കോട്ടയം: ചുവരെഴുത്തിന്റെയും തുണി ബോർഡിന്റെയുമൊക്കെ കാലം കഴിഞ്ഞു. കൈകൂപ്പി ചിരിച്ചു നിൽക്കുന്ന പരന്പരാഗത പോസ്റ്റർ രീതിയും ഇത്തവണ മാറി.
സ്ഥാനാർഥികളുടെ മുഴുനീള ചിത്രങ്ങളും വിരളം. വ്യത്യസ്തമായ പോസ്റ്ററുകളാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വൈറൽ ഐറ്റം.
സ്ഥാനാർഥിയുടെ ചിരിച്ച മുഖത്തിനൊപ്പം വിപുലമായ പശ്ചാത്തലമാണ് ഇത്തവണത്തെ പോസ്റ്ററിലെ ട്രൻഡ്.
കപ്പ പറിച്ചു വീട്ടിലേക്കു നടക്കുന്ന സ്ഥാനാർഥി, പാത്രം കഴുകുന്ന വീട്ടമ്മയോടു കുശലം പറയുന്ന സ്ഥാനാർഥി, മലയോര മേഖലയലിലാണെങ്കിൽ റബർ വെട്ടുകാരനോട് വോട്ടു ചോദിക്കുന്ന സ്ഥാനാർഥി, കെഎസ്ആർടിസി ബസിൽനിന്ന് ഇറങ്ങുന്ന മുൻ ജീവനക്കാരൻ കൂടിയായ സ്ഥാനാർഥി, സൈക്കിളിൽ വോട്ടു ചോദിക്കാനെത്തുന്ന സ്ഥാനാർഥി….
ഇങ്ങനെ മൊത്തത്തിൽ കളർഫുള്ളാക്കി സ്ഥാനാർഥികളുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങളെ മനോഹരങ്ങളായ പോസ്റ്ററുകളാക്കി മാറ്റിയിരിക്കുകയാണ് മുന്നണി ഭേദമില്ലാതെ സ്ഥാനാർഥികൾ.
പ്രിന്റെടുത്ത് കവലകളിലും മതിലുകളിലും പതിപ്പിക്കുന്നതിനേക്കാൾ നവമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതാണ് എല്ലാവർക്കും ഇഷ്ടം.
ആയിരക്കണക്കിനു ലൈക്കും നൂറുകണക്കിനു ഷെയറുമായി ഫോട്ടോകൾ അതിവേഗമാണ് നവമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങൾ വൈറലാക്കാനും പോസ്റ്റിനു താഴെ വരുന്ന കമന്റുകൾക്ക് കിടിലൻ മറുപടി നൽകാനും മിടുക്കരായ അഡ്മിൻമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയൽ ഡിവിഷനിൽനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പി.കെ. പ്രദീപിന്റെ പോസ്റ്റർ ഇതിനോടകം ഹിറ്റായി.
മുൻ കെഎസ്ആർടിസി ജീവനക്കാരനായ ഇദ്ദേഹത്തിന്റെ പോസ്റ്ററിലും കെഎസ്ആർടിസിയുണ്ട്. ഈ സ്റ്റോപ്പിൽ ഇറങ്ങുകയാണ് കൂടെ കാണണേ എന്ന ശീർഷകത്തോടെയണ് പോസ്റ്റർ.
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മണ്ണാറക്കയം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴിയുടെ പോസ്റ്ററും ഹിറ്റായി. അദ്ദേഹം കപ്പ പറിച്ചു വീട്ടിലേക്കു വരുന്നതാണ് ചിത്രം.