പ്രദീപ് ഗോപി
ഭര്‍ത്താവ് തുടങ്ങി വച്ച സിനിമ അദ്ദേഹത്തിന്റെ മരണം ശേഷം മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുകയാണ്. ആശ പ്രഭ എന്ന പുതുമുഖ സംവിധായികയുടെ സ്വപ്നസാക്ഷാത്ക്കാരമാണിത്.
ഭര്‍ത്താവിന്റെ മോഹം അദ്ദേഹത്തിന്റെ മരണശേഷം പൂര്‍ത്തിയാക്കിയ ഭാര്യ. ഒരു പക്ഷേ ഒരോ ഭാര്യമാരും എങ്ങനെയൊക്കെ ആയിരിക്കണം എന്ന നല്ലൊരു സന്ദേശമാണ് ആശ പ്രഭ എന്ന ഭാര്യ സമൂഹത്തിനു മുമ്പില്‍ വരച്ചുകാട്ടുന്നത്.
മഴനൂല്‍ക്കനവുകള്‍, മാന്ത്രികവീണ, യു ക്യാന്‍ ഡു എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന് നന്ദകുമാര്‍ കാവില്‍ ഓര്‍മയായിട്ട് മൂന്നു വര്‍ഷം കഴി ഞ്ഞു.
1996-ല്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ദേശീയ പുരസ്കാരത്തോടെയാണ് നന്ദകുമാര്‍ പഠിച്ചിറങ്ങിയത്.
ഭര്‍ത്താവ് അപ്രതീക്ഷിതമായി വേര്പിരിഞ്ഞപ്പോള് മക്കളെയും ചേര്‍ത്തുപിടിച്ച് അദ്ദേഹം തുടങ്ങി വച്ച കഥ സിനിമയാക്കി ഭര്‍ത്താവിന്റെ ആഗ്രഹം സഭലമാക്കണമെന്നു മോഹിച്ചു.
“സിദ്ധാര്ത്ഥന് എന്ന ഞാന്‍’ എന്ന സിനിമ ഒടിടി റിലീസായിരിക്കുകയാണ്. ഒരേ സമയം മൂന്ന് പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ (നീസ്്ട്രീം, റൂട്സ്, ലൈം ലൈറ്റ്) ആണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കാം ഒരു മലയാള സിനിമ ഒരേ സമയം മൂന്ന് ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസായിരിക്കുന്നത്.
അതും ഒരു പുതുമുഖ സംവിധായികയുടെ സിനിമ. ഭര്‍ത്താവ് തുടങ്ങി വച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ പറ്റാതെ പറന്നകന്നപ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ അതിയായ ആഗ്രഹം ആശപ്രഭ നിറവേറ്റുകയായിരുന്നു.
സിനിമയുടെ തിരക്കഥയുടെ കുറച്ചു ഭാഗം നന്ദകുമാര്‍ എഴുതിയിരുന്നു. പിന്നീട് ആശ തിരക്കഥ പൂര്‍ത്തിയാക്കി സിനിമ സംവിധാനം ചെയ്യുകയായിരുന്നു.
നീണ്ട 16 വര്‍ഷം ഭര്‍ത്താവിനൊപ്പം സിനിമകളിൽ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ അനുഭവ പാരമ്പര്യവുമായാണ് ഭര്‍ത്താവ് തുടങ്ങി വച്ച സിനിമ ആശ പ്രഭ പൂര്‍ത്തിയാക്കിയത്.
നിരവധി ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള ആശ ഭര്‍ത്താവ് നന്ദകുമാറിനൊപ്പം സഹസംവിധായികയായും നിര്‍മാണ പങ്കാളിയായും പ്രവര്‍ത്തിച്ചിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിബി തോമസ് കേന്ദ്രകഥാപാത്രമാകുന്നു. ഇന്ദ്രന്‍സ്, ദിലീഷ് പോത്തന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യശോദ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം അതുല്യ നായികയാകുന്നു. കാമറ സാബു ജെയിംസ്, എഡിറ്റിംഗ് പ്രവീണ്‍.
വടക്കന്‍ കേരളത്തിലെ ഒരു വിശ്വാസത്തിന്റെ കലാരൂപമായ തിറയാണ് സിനിമയുടെ ഇതിവൃത്തം. കരിങ്കണ്ണന്‍ എന്നു മുദ്ര കുത്തപ്പെട്ടാല്‍ സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്ന ഈ ജനതയുടെ ജീവിതയാഥാര്‍ഥ്യമാണ് സിനിമയിലൂടെ സംവിധാ യിക വരച്ചുകാട്ടുന്നത്.