കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്കു കടക്കാന്‍ സഹായം ചെയ്തതിനു സസ്പെന്‍ഷനിലായ പോലീസുകാരനെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യം പ്രത്യേക അന്വേഷണസംഘം സജീവമായി പരിഗണിക്കുന്നു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാലിനെയാണ് പ്രതിചേര്‍ക്കുന്നത്. മര്‍ദനത്തിനിരയായ നവവധുവിന്റെ പരാതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ലഭിച്ചതുമുതല്‍ പ്രതി ജര്‍മനിയിലേക്കു കടക്കുന്നതുവരെ കേസ് അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും രാഹുലിനു ചോര്‍ത്തിക്കൊടുത്തത് ശരത്ലാലാണ്.
ഫറോക്ക് അസി. കമ്മിഷണര്‍ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാവും ശരത്ലാലിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതിനുള്ള ചര്‍ച്ച പോലീസ് സേനയുടെ ഉന്നതതലത്തില്‍ നടന്നുവരികയാണ്.
പോലീസ് സേനയ്ക്ക് കളങ്കം വരുത്തുന്ന വിധത്തില്‍ പെരുമാറിയ ഇയാള്‍ക്കെതിരേ തെളിവു നശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, ഗൂഡാലോചനയില്‍ പങ്കുചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താനാണ് ആലോചിക്കുന്നത്. ഇയാള്െക്കതിരേ വകുപ്പുതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
നവവധു പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാഹുലിെനയും നവവധുവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇരുവരുമായി സംസാരിച്ചശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. ഈ സമയത്ത് ജിഡി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ശരത്ലാലാണ്. രാഹുലിനെക്കൊണ്ട് ഒരു കടലാസില്‍ ഒപ്പിട്ടുവാങ്ങാന്‍ എസ്എച്ച്ഒ ശരത്ലാലിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ സമയത്താണ് ഇരുവരും സൗഹൃദത്തിലായതെന്നാണ് വിവരം. ജര്‍മനിയിലാണ് ജോലിയെന്നുപറഞ്ഞപ്പോള് ശരത്ലാല് ഇയാളുമായി കൂടുതല്‍ അടത്തു. സ്റ്റേഷനില്‍ നിന്ന് പോയശേഷം രാഹുലിനെ പലതവണ ശരത്ലാല് ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ സന്ദശര്നം നടത്തുകയും ചെയ്തു.
രാഹുലിനെതിരേ വധശ്രമത്തിനു കേസെടുത്തപ്പോള്‍ രക്ഷപ്പെടുന്നതിനുള്ള ഉപദേശങ്ങള്‍ നല്‍കിയത് ശരത്ലാലാണ്. പോലീസിന്റെ കണ്ണില്‍പെടാതെ ബംഗളുരുവിലേക്ക് ഒളിച്ചുകടക്കുന്നതിനുള്ള കുറുക്കുവഴികള്‍ പറഞ്ഞുകൊടക്കുകയും സ്റ്റേഷനില്‍ ഓരോ ദിവസവും നടക്കുന്ന കേസന്വേഷണ പുരോഗതി രാഹുലിന് എത്തിച്ചുകൊടുക്കുകയും ചെയ്തു. രാജ്യം വിടുംമുമ്പ് രാഹുലും ശരത്ലാലും പലതവണ കണ്ടുമുട്ടി. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടു നടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ സ്റ്റേഷന് ഇന്സപെക്ടര് മുതല്‍ പോലീസുകാര്‍ വരെ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിയുടെ തോളില്‍ കൈയിട്ടാണ് പോലീസുകാര്‍ സംസാരിച്ചതെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. പന്തീരാങ്കവ് പോലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസന്വേഷണം എറണാകുളത്തേക്ക് മാറ്റണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കേസേന്വഷണത്തില് ഗുരുതര വീഴ്ചയാണ് പോലീസ് വരുത്തിയത്. ഇതിന്റെ പേരില്‍ എസ്എച്ച്ഒയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ നിലവില്‍ നാലു പ്രതികളാണുള്ളത്. രാഹുല്‍ പി. ഗോപാലന്, മാതാവ് ഉഷാകുമാരി, സഹോദരി കാര്‍ത്തിക, സുഹൃത്ത് രാജേഷ് എന്നിവരാണ് പ്രതികള്‍. ഇതില്‍ രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.