മാഹി: ഗതാഗത കുരുക്ക് തുടർക്കഥയായ ന്യൂമാഹി ടൗണിൽ ട്രാഫിക്ക് പോലീസിന്റെ അഭാവത്തിൽ ഗതാഗത നിയന്ത്രണം നടത്തുന്നതു മാഹിപ്പാലത്തെ ഡ്രൈവർമാരും നാട്ടുകാരും. മാഹി പാലത്തിന്റെ ഉപരിതലം പൊട്ടിപ്പൊളിഞ്ഞതാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുമാൻ കാരണം.
മാഹി പള്ളി പെരുന്നാൾ നാളുകളിൽ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്നു. ന്യുമാഹി പോലീസിന്റെ ഒരു ഔട്ട് പോസ്റ്റ് മാഹി പാലത്തു പ്രവൃത്തിക്കുന്നുണ്ടെങ്കിലും പാറാലിൽ സ്ഥിതി ചെയ്യുന്ന ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ അഭാവമുള്ളതിനാൽ ഔട്ട് പോസ്റ്റിലേക്ക് പോലിസിനെ അയക്കുന്ന പതിവ് താളം തെറ്റിയിരിക്കുകയാണ്.
ഇതോടെയാണു ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോൾ ഡ്രൈവർമാർ നിരത്തിലിറങ്ങുന്നത്. പോലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിക്കു വേണ്ടത്ര പോലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയും രാഷ്ടീയ പാർട്ടികളും ജില്ലാ പോലിസ് സൂപ്രണ്ടിനും ആഭ്യന്തര വകുപ്പിനും പരാതി നൽകിയിരിക്കുകയാണ്.