കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃഗൃഹത്തിൽ ക്രൂര മർദനത്തിനിരയായ യുവതി ചികിത്സ തേടിയതിന്റെ രേഖകൾ പുറത്ത്. ഫറോക്ക് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പിൽ പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി പറയുന്നുണ്ട്.
നെറ്റിയിൽ ഇടിയുടെ ആഘാതത്തിൽ ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. കഴുത്തിലും ചുണ്ടിലും കൈകളിലും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്കാൻ ചെയ്യണമെന്നും അസ്ഥിരോഗ വിദഗ്ധനെ കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്.
ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്.
നെറ്റി മുഴച്ചിരിക്കുകയായിരുന്നു. തലയിൽ തൊടാനാവാത്ത വിധം കടുത്ത വേദനയും, മുക്കിൽനിന്നു ചോരയൊലിച്ചതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. കാര്യം തിരക്കിയ വീട്ടുകാരോട് ശുചിമുറിയിൽ തെന്നിവീണെന്നാണ് പെൺകുട്ടി പറഞ്ഞത്. അങ്ങനെ പറയണമെന്നു രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നെന്നും വീണ്ടും തിരക്കിയപ്പോഴാണ് ക്രൂരമായ മർദനത്തിന്റെ കഥയറിഞ്ഞതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അടച്ചിട്ട എസി മുറിയിലായിരുന്നു മർദനം. തന്നെ രാഹുൽ ബെൽറ്റ് കൊണ്ട് അടിച്ചെന്നും മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്നും യുവതി പറഞ്ഞു. തലയിലും ദേഹത്തും ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു.
മർദനത്തിൽനിന്ന് രക്ഷപ്പെടാനായി മുറിയുടെ പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിയെ ബെൽറ്റ് കൊണ്ട് അടിച്ചു വീഴ്ത്തിയത്. ദേഹത്ത് കയറി ഇരുന്ന് ഓരോ ചോദ്യങ്ങൾ ചോദിച്ച് തലയ്ക്ക് മർദിക്കുന്നതായിരുന്നു പ്രധാന വിനോദം.
പിന്നീട് തല തടവിക്കൊടുക്കുകയും വെള്ളം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്ത ശേഷം മർദനം തുടരും. സാഡിസ്റ്റ് രീതിയിലുള്ള പെരുമാറ്റവും സംശയവുമായിരുന്നു ഇയാൾക്കെന്ന് പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു