തിരുവനന്തപുരം: ദുരിതപ്പെയ്ത്തിൽ ദുരന്തഭൂമിയായി മാറിയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ന്യൂനമർദം കേരളത്തിൽ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. റെഡ് അലർട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നു കനത്ത മഴയ്ക്കും ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുത്.