തിരുവനന്തപുരം: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം ശക്തമായ ന്യൂനമർദമാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
മധ്യകിഴക്ക് അറബിക്കടലിലും ഗോവ, കർണാടക തീരങ്ങളിലും മധ്യ ബംഗാൾ ഉൾക്കടലിലും തെക്കു കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റാണു പ്രവചിക്കപ്പെടുന്നത്. കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.
ഈ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. വ്യാഴാഴ്ച രാത്രി 11.30 വരെയുള്ള സമയത്തു കുളച്ചൽ മുതൽ ധനുഷ്കോടി വരെയുള്ള തെക്ക് തമിഴ്നാട് തീരത്ത് 2.9 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.