വിഴിഞ്ഞം: വിഴിഞ്ഞം കേന്ദ്ര മറൈൻ അക്വാേറിയത്തിൽ അപൂർവയിനം മത്സ്യത്തെ ലഭിച്ചു. ഏതിനത്തിൽപെട്ടതെന്നു ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം തലകീഴായി വിശ്രമിക്കുന്ന ജെല്ലി ഫിഷുകൾ പ്രദർശനത്തിന് എത്തിച്ചിരുന്നു. അതിനുപിന്നാലെയാണ് ഓറഞ്ചു നിറത്തിലുള്ള അപൂർവയിനം വർണ മത്സ്യത്തെ ലഭിച്ചത്.
കടലിൽ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് ഇതിനെ വിഴിഞ്ഞത്തെ മറൈൻ അക്വേറിയത്തിൽ എത്തിച്ചത്. ഈൽ ഇനത്തിൽപെട്ട മത്സ്യമാണെന്നു സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
ഓറഞ്ചു നിറത്തോടുകൂടി തലയിൽ ഇരുവശത്തും വെള്ളനിറവും കാണുന്ന മത്സ്യം കാഴ്ചയ്ക്ക് മനോഹരമാണ്. സ്വർണ നിറത്തിലുള്ള പത്തോളം ജെല്ലിഫിഷുകളാണ് വിഴിഞ്ഞം അക്വേറിയത്തിലുള്ളത്.
ചെറുമീനുകളെ ഭക്ഷിക്കുന്ന ഇവയ്ക്കു പ്രകാശ സംശ്ലേഷണം വഴി സ്വയം ഭക്ഷണം പാകം ചെയ്യാനും കഴിയും. 15 സെന്റീമീറ്റർ വ്യാസവും 20 സെന്റീമീറ്റർ നീളവും ഉണ്ട് ഇവയ്ക്ക്.
കേസിയോ പിയ എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഇവ സമുദ്രത്തിന്റെ അടിത്തട്ടിൽ വിശ്രമിക്കുമ്പോൾ തലകീഴായിക്കിടക്കും.
കുട പോലുള്ള ശരീരഭാഗവും അതിനടിയിലായി കാലുകളും കാണപ്പെടുന്ന ഇവ നീന്തുമ്പോൾ നിവർന്നാണ് സഞ്ചരിക്കുന്നത്.
ഇവയുടെ ശരീരത്തിൽ തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ അനുഭവപ്പെടും. ശരീരത്തിൽ നിന്ന് പ്രത്യേകതരം സ്രവം പുറപ്പെടുവിക്കുന്നതിനാൽ ഇത് മറ്റു മത്സ്യങ്ങൾക്ക് ഹാനികരമാണ്. അതിനാൽ തന്നെ ഇവയെ പ്രത്യേക ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്.