തലശേരി: വാർത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരെ കോൺഗ്രസ് നേതാവ് സി.ടി. സജിത്ത് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു.
തലശേരി പ്രസ് ഫോറം സെക്രട്ടറി എൻ.പ്രശാന്ത് ഉൾപ്പെടെ ആറ് മാധ്യമപ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ടൗൺ സിഐ വിശ്വംഭരൻ നായർ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണമാരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
കോൺഗ്രസ് ഓഫീസായ മുകുന്ദ മല്ലർ റോഡിലെ എൽ.എസ്.പ്രഭു മന്ദിരത്തിൽ നടക്കുന്ന ബ്ലോക്ക് കോൺസ് കമ്മറ്റി യോഗത്തിൽ എ ഗ്രൂപ്പ് നേതാവ് കെ.ശിവദാസൻ കുത്തിയിരിപ്പ് സമരം നടത്തുമെന്ന വിവരത്തെ തുടർന്നാണ് മാധ്യമ പ്രവർത്തകരായ എൻ.പ്രശാന്ത്, അഗ്രജ് കിരൺ, ലിജിൻ, ഷിബിൻ, മണി പറാൽ എന്നിവരെത്തിയത്.
ഇവരെ കണ്ടതോടെ ക്ഷുഭിതനായ സി.ടി. സജിത്ത് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ആരാണ് യോഗ വിവരം നിങ്ങളെ അറിയിച്ചതെന്ന് ചോദിച്ചായിരുന്നു ഡിസിസി സെക്രട്ടറിയുടെ അസഭ്യവർഷം.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ എ ഗ്രൂപ്പ് നേതാവ് കെ.ശിവദാസൻ, ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി ഉസ്മാൻ പി.വടക്കുമ്പാട്, തുടങ്ങിയ നേതാക്കൾ എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ക്ഷണിക്കാതെ എത്തിയ ഇവർ പുറത്ത് പോകണമെന്നായിരുന്നു ബ്ലോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്റെ നിലപാട്.
ഇതിനിടയിലാണ് മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയത്. സംഭവത്തിൽ തലശേരിയിലെ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. അനീഷ് പാതിരിയാട് അധ്യക്ഷത വഹിച്ചു.എൻ.പ്രശാന്ത്, പി.ദിനേശൻ, പാലയാട് രവി, നവാസ് മേത്തർ, എൻ.സിറാജുദ്ദീൻ, രഷ്നാ ദാസ് , സന പ്രമോദ്, നൂറിൻ മിനർവ്വ, കെ.പി.ശോഭിത്ത്, കെ.കെ.ഷനീഷ്, ഒ.വി.ബിപിൻ,വി.പി.ലിജിൻ , മണി പാറാൽ, അഗ്രജ് കിരൺ, പി.ഷിധിൻ എന്നിവർ സംസാരിച്ചു.