ന്യൂഡൽഹി: ചീഫ് ജസ്റ്റീസിനെതിരെ സുപ്രീം കോടതി ജഡ്ജിമാർ പോർമുഖം തുറന്ന് പുറത്തെത്തിയത് സർക്കാർ മാധ്യമങ്ങൾ മുക്കി. ദേശീയ, പ്രാദേശിക ടെലിവഷൻ, പത്ര, ഓണ്‍ലൈൻ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഏറ്റവും പ്രധാന വാർത്തയായി ചർച്ച ചെയ്ത പ്രശ്നമാണ് ദൂരദർശനും ആകാശവാണിയും അടക്കമുള്ള കേന്ദ്രസർക്കാരിനു കീഴിലുള്ള മാധ്യമങ്ങൾ പൂർണമായി മുക്കിയത്.
സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാരുടെ പത്രസമ്മേളനമോ, ചീഫ് ജസ്റ്റീസിനെതിരേയുള്ള പരാതികളോ ദൂരദർശനും ആകാശവാണിയും കേട്ടതായി പോലും നടിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി വാക്കാൽ നൽകിയ നിർദേശമാണ് ഏറ്റവും പ്രധാന സംഭവം തമസ്കരിക്കാൻ നിർബന്ധിതമാക്കിയതെന്നാണ് ആരോപണം.
ദൂരദർശന്റെയും ആകാശവാണിയുടെയും വെബ്സൈറ്റുകളിലെ വാർത്തകളിലും സുപ്രീം കോടതിയിലെ പരസ്യ കലാപം പരാമർശിച്ചില്ല. ഗുജറാത്തിലെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പത്രപ്രവർത്തകൻ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേൾക്കുന്നതു സംബന്ധിച്ച വാർത്ത പ്രധാനമായി നൽകിയിട്ടുമുണ്ട്.
എന്നിട്ടും ഇതടക്കമുള്ള വിഷയങ്ങളിൽ സുപ്രീം കോടതി കോളീജിയത്തിലെ അഞ്ചു പേരിൽ മുതിർന്ന നാലു പേരും ചീഫ് ജസ്റ്റീസിനെതിരേ പ്രതികരിച്ചതു മാത്രം സർക്കാർ നിയന്ത്രണമുള്ള ദേശീയ മാധ്യമങ്ങൾ മുക്കിയത് ശ്രദ്ധേയമായി.