വടക്കഞ്ചേരി: നാല്പതും അന്പതുംവർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്നും വിരമിച്ച പത്ര ഏജന്റുമാരാണ് ഇവരെല്ലാം. ഇതിൽ 85 വയസുള്ള മേലാർക്കോട് കോട്ടേക്കുളം ചിറ്റിലപ്പിള്ളി ജോർജാണ് സീനിയർ. തൊട്ടുതാഴെ 73 കാരായ മുടപ്പല്ലൂർ പതിയാൻവീട്ടിൽ ഫ്രാൻസിസ്, കോട്ടേക്കുളം മാങ്ങോട് കുറ്റിക്കാടൻ പോൾ, കൂട്ടായ്മയിലെ ചെറുപ്പക്കാരനാണ് 59 കാരനായ മേലാർക്കോട് ആർസി സ്ട്രീറ്റിലെ പതിയാൻ ലൂവീസ്. മുടപ്പല്ലൂരിൽ താമസിക്കുന്ന ഫ്രാൻസിസാണ് ഇവരുടെ കോ-ഓർഡിനേറ്റർ.
പഴയ ഓർമകൾ പങ്കുവയ്ക്കാൻ ഇവർ ഇടയ്ക്കൊക്കെ ഒത്തുകൂടും. ലൂവീസേട്ടന്റെ മകൻ ഡീക്കൻ ലീരാസി (വർഗീസ്)ന്റെ തിരുപ്പട്ട സ്വീകരണം 31ന് നടക്കുന്നതിനാൽ വീട്ടുകാരും ബന്ധുക്കളുമായ ഇവർ ദിവസവും ഇപ്പോൾ കണ്ടുമുട്ടുന്നുണ്ട്.പതിനഞ്ചും പതിനാറും വയസിൽ പത്രവിതരണം ആരംഭിച്ചവരാണ് ഇവർ. മൊബൈലോ മോട്ടോർ സൈക്കിളോ ലാന്റ് ഫോണോ ഒന്നുമില്ലാതിരുന്ന കാലം. ദിവസം നാല്പതും അന്പതും കിലോമീറ്റർ സൈക്കിൾ ചവിട്ടി വീടുകളിൽ പത്രം എത്തിച്ചിരുന്നവർ ഇന്നു വിശ്രമ ജീവിതത്തിലാണ്.
ആറുപൈസയായിരുന്നു അന്ന് പത്രത്തിന്റെ വിലയെന്ന് ഇവർ ഓർക്കുന്നു. കോഴിക്കോടുനിന്നും ട്രെയിൻ മാർഗമാണ് അന്ന് പത്രക്കെട്ടുകൾ എത്തുക. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന പത്രക്കെട്ടുകൾ പിന്നീട് നാട്ടിൻപുറങ്ങളിലേക്കുള്ള ബസുകളിൽ കയറ്റിവിടും. പത്രത്തിന്റെ പ്രിന്റിംഗ് വൈകിയാലും ട്രെയിൻ വൈകിയാലും ബസ് വഴിയിൽനിന്നാലും ഇവരുടെ പത്രവിതരണം താളംതെറ്റും.
മഴയായാലും മഞ്ഞായാലും പുലർച്ചെ മൂന്നിന് തുടങ്ങണം ഒരുദിവസത്തെ പത്രവിതരണത്തിനുള്ള ഒരുക്കങ്ങൾ. ഈ സമയം വീട്ടുകാരുടെ ഉറക്കവും ഇല്ലാതാകും. അമ്മ മരിച്ചുകിടന്നാലും മകന്റെ കല്യാണമായാലും പത്രവിതരണം മുടക്കാൻ കഴിയില്ല. സ്വന്തം കല്യാണദിവസംപോലും രാവിലെ പത്രവിതരണത്തിന് പോയിട്ടുണ്ടെന്ന് കുറ്റിക്കാടൻ പോൾ പറയുന്നു.
കല്യാണ പിറ്റേന്ന് രാവിലെ ഭാര്യ എഴുന്നേറ്റുവരുംമുന്പേ പത്രവിതരണം നടത്തി ഒന്നുമറിയാത്ത മട്ടിൽ വീട്ടിലെത്തിയതും ഇവരുടെ മനസിൽനിന്നും മായാത്ത സംഭവങ്ങളാണ്. ഇന്നത്തെപോലെയല്ല അന്ന്, പത്രംവരുന്നതും കാത്ത് വീട്ടുകാർ പടിക്കൽ കാവൽനില്ക്കും. പുറംലോകത്തെ സംഭവങ്ങൾ അറിയാൻ ഏകമാർഗം പത്രം തന്നെയായിരുന്നു. അക്ഷരജ്ഞാനം കുറഞ്ഞ പണ്ടുകാലത്ത് കടകളിലെല്ലാം ഒരാൾ പത്രം ഉറക്കെ വായിക്കും.
എല്ലാവരും അതു കേട്ടിരിക്കും. ഗ്രാമങ്ങളിലെ ചായക്കടകൾ സജീവമായിരുന്നത് അങ്ങനെയാണ്.ഇവിടങ്ങളിലെ ബീഡി കന്പനികളിലും ഇതുതന്നെയായിരുന്നു സ്ഥിതി. വായിക്കാൻ അറിയുന്നവൻ അന്ന് കേമനായിരുന്നു. പത്രം വായിക്കുന്നത് എത്രപേർ കേൾക്കുന്നുണ്ടോ അവരെല്ലാം മാസത്തിൽ പത്രത്തിന്റെ പണം കൊടുക്കുന്നതിൽ പങ്കാളികളാകും.
പത്രത്തിന്റെ പണം വാങ്ങിച്ചെടുക്കൽ വലിയ പണി തന്നെയായിരുന്നെന്ന് ഇവർ പറയുന്നു.
നാളെ തരാം രണ്ടുദിവസം കഴിഞ്ഞ് എന്നൊക്കെ പറഞ്ഞു വലിപ്പിക്കും. എന്തുകേട്ടാലും എല്ലാം മൂളികേട്ട് ചിരിച്ച് തിരിച്ചുപോരും. എല്ലാതരം ആളുകളുമായും ഇടപഴകുന്ന പത്ര ഏജന്റുമാർ വലിയ ക്ഷമാശീലം ഉള്ളവരാകണമെന്നാണ് ഇവരുടെ ഉപദേശം. എല്ലാം വേണ്ടവിധം കൈകാര്യം ചെയ്താകും ഇവരുടെ ഇടപാടുകൾ.
ദീപികയുടെ ശതാബ്ദി ദിനത്തിൽ പുറത്തിറക്കിയ നൂറുപേജുള്ള പത്രം വിതരണം ചെയ്തത് ലൂവീസേട്ടന്റെ മനസിൽനിന്നും മായാത്ത സംഭവമാണ്. പത്രഏജന്റ് കം റിപ്പോർട്ടർ തസ്തികയിൽ 45 വർഷം സേവനം ചെയ്തയാളാണ് കുറ്റിക്കാടൻ പോളേട്ടൻ.ഇതിനാൽ പഴയ സംഭവങ്ങളുടെ പേപ്പർ കട്ടിംഗുകളും പോൾ ചേട്ടന്റെ വീട്ടിലെ പഴയകാല ശേഖരത്തിലുണ്ട്.