ഇസ്താംബുൾ: ടിവിയിൽ വാർത്ത വായിക്കുന്നതിനിടെ ഭൂമികുലുക്കമുണ്ടായിട്ടും ശാന്തത കൈവിടാതെ തന്റെ ജോലി തുടർന്ന അവതാരക ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം തുർക്കിയിലാണു സംഭവം.
തുർക്കിയിലെ സിഎൻഎൻ ന്യൂസ് റൂമിനുള്ളിൽ മെൽറ്റെം ബോസ്ബെയോഗ്ലു എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമായിരുന്നു.
ഭൂകമ്പത്തിൽ ന്യൂസ് റൂം ആകെ ഇളകിയിട്ടും സമചിത്തത കൈവിടാതെ ശാന്തമായി ബോസ്ബെയോഗ്ലു വാർത്ത അവതരണം തുടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്’ എന്ന് ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ഇസ്താംബുളിൽ കഴിഞ്ഞ ബുധനാഴ്ച ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബുളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും ഇസ്താംബുളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.