വൈക്കം: പുത്തൻ തലമുറ ബൈക്കുകളിൽ നഗരത്തിലൂടെ പായുന്ന യുവാക്കൾ യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ മൂന്നു ദിവത്തിനുള്ളിൽ മൂന്ന് അപകടങ്ങളാണ് നഗരത്തിലുണ്ടായത്.
മകളെ സ്കൂളിലാക്കാൻ സ്കൂട്ടറിൽ വന്ന വീട്ടമ്മ കച്ചേരിക്കവല ഭാഗത്ത് എത്തിയപ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ആളുകൾ ഓടിക്കൂടിയപ്പോൾ ബൈക്ക് യാത്രികൻ മുങ്ങി. കുട്ടിയുടെ കാലിന് സാരമായ പരുക്കും വീട്ടമ്മയുടെ നട്ടെല്ലിന് ക്ഷതവുമുണ്ട്.
സിസി ടിവി കാമറ നോക്കി പോലീസ് യുവാവിനെ പിടികൂടിയെങ്കിലും കേസിൽ കർശന നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് ഇപ്പോൾ തന്നെ നല്ലൊരു തുക ചെലവായിട്ടുണ്ട്.
ഇവരോട് അഞ്ചു ദിവസങ്ങൾക്കുശേഷം സ്റ്റേഷനിൽ വരാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് പറയുന്നു.കഴിഞ്ഞ ദിവസം കോവിലകത്തുംകടവ് മാർക്കറ്റിൽനിന്ന് പണികഴിഞ്ഞു പോവുകയായിരുന്ന സൈക്കിൾ യാത്രികനായ വയോധികനെ ന്യൂജനറേഷൻ ബൈക്കിലെത്തിയ യുവാവ് ഇടിച്ചുതെറുപ്പിച്ചു.
മൂന്നാഴ്ച മുന്പ് ചെന്പ് കപ്പേളയ്ക്ക് സമീപം സ്കൂട്ടറിൽ വന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാർ കണ്ടെത്താനായില്ല. അപകടകരമായി ബൈക്കിൽ പായുന്ന യുവാക്കൾക്കെതിരേ പോലീസ് നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.