മുംബൈ: രാജ്കുമാർ റാവു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹിന്ദി ചിത്രം ന്യൂട്ടന്റെ വ്യാജ പകർപ്പ് ഒാൺലൈനിൽ. ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ഓസ്കർ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ന്യൂട്ടണ്‍ തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ടോറന്റ് സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചത്.
രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ സംഘർഷബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്താനെത്തുന്ന ന്യൂട്ടൻ കുമാർ എന്ന പ്രിസൈഡിങ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഓസ്കറിൽ വിദേശഭാഷ വിഭാഗത്തിലേക്കാണ് ന്യൂട്ടണ്‍ മത്സരിക്കുക. അമിത് മസുർക്കർ സംവിധാനം ചെയ്ത ചിത്രം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.തെലുങ്കു നിർമാതാവ് സി.വി.റെഡ്ഡി അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. 26 സിനിമകളിൽ നിന്നാണ് ചിത്രം തെരഞ്ഞെടുത്തത്. മനീഷ് മുദ്ര നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും മസുർക്കർ തന്നെയാണ്.പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടിൽ, രഘുബിർ യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.