ന്യൂയോർക്ക്: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ടർബൻ ധരിച്ച സിഖ് വനിതാ പോലീസ് ഓഫീസർ ചാർജെടുത്തു. ഗൗവർഷോ കൗർ എന്ന ഇരുപതുകാരി ന്യൂയോർക്ക് പോലീസ് അക്കാഡമിയിൽനിന്നും മേയിലാണ് ഗ്രാജുവേറ്റു ചെയ്തത്.
നാസു കമ്യൂണിറ്റി കോളജിൽ അക്കൗണ്ടിംഗ് മേജറായി പഠനം തുടരുന്ന കൗർ, ഒൗക്സിലറി പോലീസ് ഓഫീസറായിട്ടാണ് ചാർജ് എടുത്തിരിക്കുന്നത്. പഠനം പൂർത്തിയാകുന്ന മുറയ്ക്ക് ഫുൾടൈം ഓഫീസറായി പ്രവർത്തിക്കാനാണ് ഇവരുടെ ആഗ്രഹം.
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്റിൽ 19 സിഖ് പോലീസ് ഓഫിസർമാരിൽ 10 പേർ വനിതകളാണ്. 2016ലാണ് സിഖ് ഓഫീസർമാർക്ക് ന്യൂയോർക്ക് പോലീസിന്റെ ലോഗോയോടുകൂടിയ ടർബൻ ധരിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.
കൗറിന്റെ ചരിത്ര നേട്ടത്തിൽ അമേരിക്കയിലെ സിഖ് സമുദായംഗങ്ങൾ ആശംസകൾ നേർന്നു. സിഖ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും ന്യൂയോർക്ക് പോലീസ് ഓഫീസറുമായ ഡിലെയർ റാത്തൂർ കൗറിന്റെ നിയമനത്തെ സ്വാഗതം ചെയ്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ