ന്യൂഡൽഹി: പുതുവർഷദിനത്തിൽ ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലെന്ന് യുനിസെഫിന്റെ റിപ്പോർട്ട്. പുതുവത്സരദിനത്തിൽ ഇന്ത്യയിൽ 69,944 ശിശുക്കൾ പിറന്നുവീണെന്നാണ് യുനിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. കണക്കനുസരിച്ച് ചൈനയിൽ 44,940 ശിശുക്കളും നൈജീരിയയിൽ 25,685 ശിശുക്കളും പുതുവർഷത്തിൽ ജനിച്ചിട്ടുണ്ട്. ഇതിൽ ശിശുക്കളുടെ ജനന നിരക്കിൽ പാക്കിസ്ഥാൻ നാലാംസ്ഥാനത്തും(15,112) ബംഗ്ലാദേശ് എട്ടാംസ്ഥാനത്തുമാണുള്ളത് (8,428).
പുതുവത്സരത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലായി 3,95,072 ശിശുക്കൾ ജനിച്ചിരിക്കാനാണ് സാധ്യതയെന്നും ആ കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കുക എന്നതാണ് യുനിസെഫ് ഉൾപ്പടെയുള്ള അധികൃതരുടെ കടമയെന്നും യുനിസെഫ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ ഷാർലറ്റ് പെട്രി ഗോർനിറ്റ്സ്ക പറഞ്ഞു.
ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് നേരത്തെ ഐക്യരാഷ്ട്രസഭ പ്രവചിച്ചിരുന്നു. ഇത് അന്വർത്ഥമാക്കുംവിധമാണ് യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടുകൾ. നിലവിൽ ഏകദേശം 133 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ നിഗമനമനുസരിച്ച് ജനസംഖ്യയിൽ 2024- ഓടെ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് കരുതുന്നത്.