സിഡ്നി: ലോകമെങ്ങും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവർഷത്തെ വരവേറ്റു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവർഷം പിറന്നത്. പിന്നീട് ന്യൂസലൻഡിലെ ഓക്ലൻഡ് 2019നെ വരവേറ്റു. പുതുവർഷത്തെ ആരവത്തോടെ വരവേൽക്കാൻ ഓക്ലൻഡിലെ സ്കൈ ടവറിൽ പതിനായിരങ്ങൾ ഒഴുകിയെത്തി.
ഓസ്ട്രേലിയയിലെ സിഡ്നിയും 2018നെ ചരിത്രത്തിലേക്കു പറഞ്ഞയച്ചു. ആയിരക്കണക്കിനു പേരാണ് സിഡ്നിയിൽ പുതുവർഷാഘോഷത്തിനായി ഒത്തുചേർന്നത്.
കേരളത്തിലും അങ്ങോളമിങ്ങോളം പുതുവർഷ ആഘോഷം നടന്നു. ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് പതിവുപോലെ പുതുവർഷത്തെ വരവേറ്റു. തിരുവനന്തപുരത്ത് കോവളം കേന്ദ്രീകരിച്ചായിരുന്നു പുതുവത്സര ആഘോഷങ്ങൾ നടന്നത്.
കോഴിക്കോട് ബീച്ചിലും നൂറുകണക്കിന് ആളുകൾ പുതുവർഷത്തെ വരവേൽക്കാനെത്തി. സംസ്ഥാനത്തെങ്ങും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പുതുവർഷത്തോട് അനുബന്ധിച്ച് ഒരുക്കിയത്.