തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ ഭക്ഷണത്തിനു മാത്രമായി ചെലവായത് 16.08 ലക്ഷം രൂപ.
മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിനായി ചെലവായ തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സാന്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായ സാഹചര്യത്തിൽ ട്രഷറിയിൽ ബില്ലുകൾ കെട്ടിക്കിടക്കുന്നതിനിടെയാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി തുക അനുവദിച്ചത്.
കഴിഞ്ഞ വർഷം പൗരപ്രമുഖർക്കായി ഒരുക്കിയ വിരുന്നിനേക്കാൾ ഏഴു ലക്ഷത്തോളം രൂപ ഇത്തവണ അധികമായി ചെലവഴിച്ചെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 9.25 ലക്ഷം രൂപയായിരുന്നു വിരുന്നിനായി ചെലവഴിച്ചത്.
32 ഇനങ്ങളാണ് 2023ൽ മാസ്കറ്റ് ഹോട്ടലിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ വിളന്പിയത്. 9.25 ലക്ഷമായിരുന്നു ഭക്ഷണത്തിന് ചെലവായതെന്നു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ചെലവിൽ ഏഴു ലക്ഷത്തോളം രൂപയുടെ വർധനയുണ്ടായി.
ഇത്തവണ വിരുന്നിൽ പങ്കെടുത്ത പൗരപ്രമുഖർക്കു മടങ്ങിപ്പോകുന്പോൾ മുഖ്യമന്ത്രിയുടെ വക ക്രിസ്മസ് കേക്കും നൽകിയിരുന്നു. 1.20 ലക്ഷമാണ് ക്രിസ്മസ് കേക്കിനു ചെലവായത്. ക്ഷണക്കത്ത് പ്രിന്റ് ചെയ്യാൻ 10,725 രൂപ ചെലവഴിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ